corona

ന്യൂയോർക്ക്:ലോകമെമ്പാടും സംഹാരതാണ്ഡവം തുടരുന്ന കൊറോണ ഇതുവരെ

14,000ത്തോളം പേരുടെ ജീവൻ അപഹരിച്ചു. രോഗികളുടെ എണ്ണം ലോകവ്യാപകമായി മൂന്ന് ലക്ഷം കവിഞ്ഞു.

യൂറോപ്പിൽ രോഗബാധയും മരണവും അനിയന്ത്രിതമായി കുതിക്കുകയാണ്. ഇറ്റലിയിൽ മരണം അയ്യായിരത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് വരെ മരണം 4,​825 ആയിരുന്നു. കൊറോണ മരണത്തിൽ ചൈനയെ പിന്നിലാക്കിയ ഇറ്റലിയിൽ ശനിയാഴ്ചവരെ 53,​578 പേർക്ക് രോഗം സ്ഥിരീകരിച്ചു. 81,​000 പേർക്ക് രോഗം ബാധിച്ച ചൈനയിൽ മരണം 3261 ആയിരുന്നു.

സ്‌പെയിനിൽ ആശുപത്രികൾ കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുകയാണ്. ഇന്നലെ മാത്രം 344 പേരാണ് മരിച്ചത്. 3076 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം14,​000 കവിഞ്ഞ ഫ്രാൻസിലും സ്ഥിതി ഗുരുതരമാണ്. 562 പേരാണ് ഇതുവരെ മരിച്ചത്. ഫ്രാൻസ് 25 കോടി മാസ്കുകൾക്ക് ഓർ‌‌ഡർ നൽകി.

രോഗം അതിവേഗം പടരുന്ന അമേരിക്കയിൽ രോഗികളുടെ എണ്ണം ശനിയാഴ്‌ച വരെ 27,​000 കവിഞ്ഞതായാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയും വാഷിംഗ്ടൺ പോസ്റ്റ് ദിനപ്പത്രവും സംയുക്തമായി നടത്തുന്ന കണക്കെടുപ്പിൽ വ്യക്തമായത്.

അമേരിക്കയിൽ രോഗം രൂക്ഷമായ നിരവധി പ്രദേശങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾക്കും പരിശോധനാ കിറ്റുകൾക്കും റേഷൻ ഏർപ്പെടുത്തി. സാമൂഹ്യ അകലം പാലിക്കാൻ ദശലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിൽ അടച്ചിരിക്കാൻ നിർദ്ദേശം നൽകിയിരിക്കയാണ്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും നൂറുകണക്കിന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 46 പേർ മരിച്ചു. 2600 പേർക്കാണ് പുതുതായി രോഗം കണ്ടത്. കാലിഫോർണിയ,​ മിഷിഗൺ,​ ജോർജിയ,​ ലൂസിയാന,​ ഫ്ലോറിഡ,​ കൊളറാഡോ,​ വെർജീനിയ,​ ഇൻഡ്യാന,​ കെന്റക്കി,​ കൻസാ എന്നീ സംസ്ഥാനങ്ങളിലെല്ലാം രോഗം പടരുകയാണ്.

ഇറാനിൽ ഇന്നലെ മാത്രം 129 പേർ മരിക്കുകയും 1028 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു.

കുവൈറ്റിലും ബഹ്റൈനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ആകെ മരണം: 14,000

രോഗബാധിതർ:317,300

രാജ്യങ്ങൾ:188

രോഗം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലെ സ്ഥിതി

രാജ്യം.......................രോഗികൾ..................മരണം

ചൈന.......................8100.............................3266

ഇറ്റലി.............................53,​578......................4,​825

സ്പെയിൻ.......................28,​572......................1,​725

ഇറാൻ...........................21,​638......................1,​685

ഫ്രാൻസ്.......................14,​459..........................562

അമേരിക്ക....................26,​900..........................348

ബ്രിട്ടൻ............................5,​018..........................233

നെതർലാൻഡ്സ്.........3,​631...........................136

ജർമ്മനി........................22,​364.............................84

ബൽജിയം......................3,​401............................75

(ലോകാരോഗ്യ സംഘടന ഇന്നലെ പുറത്തുവിട്ട കണക്ക് )​