south-africa

ജോഹന്നാസ് ബർഗ് : ലണ്ടനിൽ നിന്ന് കൊറോണയുമായി വന്ന് അത് മറച്ചുവച്ച് പാർട്ടികളിൽ പങ്കെടുത്ത ബോളിവുഡ് പാട്ടുകാരി കനികാ കപൂർ കാരണം കഷ്ടത്തിലായിരിക്കുന്നവരിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഒന്നടങ്കമുണ്ട്.

ഇന്ത്യയുമായുള്ള രണ്ടാം ഏകദിനത്തിനായി ലക്നൗവിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചിരുന്ന അതേ ഹോട്ടലിലാണ് ലണ്ടനിൽ നിന്ന് വന്ന കനികയും താമസിച്ചത്. ധർമ്മശാലയിലെ ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനെത്തുടർന്ന് ഇന്ത്യ,ദക്ഷിണാഫ്രിക്ക ടീമുകൾ ലക്നൗവിൽ എത്തിയിരുന്നു. ഇന്ത്യൻ ടീമിന് മറ്റൊരു ഹോട്ടലിലായിരുന്നു താമസം. രണ്ടാം ഏകദിനത്തിന് മുമ്പേ പരമ്പര ഉപേക്ഷിക്കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.തുടർന്ന് ദക്ഷിണാഫ്രിക്കൻ ടീം മുംബയ് എയർപോർട്ട് വഴി നാട്ടിലേക്ക് പറന്നു.

ഇന്ത്യയിൽ നിന്ന് ഭയചകിതരായാണ് പലരും എത്തിയതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചിരുന്നു. എന്നാൽ ആർക്കും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ കനികയുടെ രോഗവാർത്ത പുറത്തുവന്നതോടെ ദക്ഷിണാഫ്രിക്കൻ ടീം വീണ്ടും പരിഭ്രാന്തിയിലായി.