corona

മുംബയ്: കൊറോണ വൈറസ് വ്യാപനഭീതിയെ തുടർന്ന്, ഒട്ടേറെ വാഹന നിർമ്മാതാക്കൾ ഫാക്‌‌ടറികൾ അടച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലർ‌ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ആഗോളതലത്തിൽ ഉത്‌പാദനം നിറുത്തി. ഇന്ത്യയ്ക്ക് പുറമേ ബംഗ്ളാദേശ്, കൊളംബിയ എന്നിവിടങ്ങളിലെ നിർമ്മാണ - അസംബ്ളിംഗ് പ്ളാന്റുകളാണ് അടച്ചത്.

സമ്പദ്ഞെരുക്കം മൂലം കഴിഞ്ഞ ഒരുവർഷത്തിലേറെയായി കനത്ത വില്പന നഷ്‌ടം കുറിക്കുന്ന ഇന്ത്യൻ വാഹന വിപണിക്ക് ഇരുട്ടടിയാണ് കൊറോണ ഭീതി. ടാറ്റാ മോട്ടോഴ്‌സ്, ഫിയറ്റ്, ബജാജ് ഓട്ടോ, മെഴ്‌സിഡെസ്-ബെൻസ്, ഫോക്‌സ്‌‌വാഗൺ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ഫാക്‌ടറികൾ അടച്ചു. കൊറോണ വ്യാപനപ്പേടി മൂലം മഹാരാഷ്‌ട്ര സമ്പൂർണ അടച്ചിടലിലേക്ക് കടക്കുന്നതാണ് ഇവ പ്ളാന്റുകൾ പൂട്ടാൻ കാരണം.

ഈ കമ്പനികളുടെയെല്ലാം പ്ളാന്റുകൾ മുംബയ്, പൂനെയിലെ ചകാൻ എന്നിവിടങ്ങളിലായാണുള്ളത്. കൺസ്‌ട്രക്ഷൻ വാഹനങ്ങൾ നിർമ്മിക്കുന്ന ജെ.സി.ബിയുടെ പ്ളാന്റും ചകാനിലുണ്ട്. ഇതും അടച്ചു. അതേസമയം, പ്രതിസന്ധിമൂലം ജീവനക്കാരെ കുറയ്ക്കാനോ ശമ്പളം പരിമിതപ്പെടുത്താനോ ഇതുവരെ ഒരു വാഹന കമ്പനിയും തീരുമാനിച്ചിട്ടില്ല.