തിരുവനന്തപുരം: ജനതാ കർഫ്യൂ ദിനമായ ഇന്നലെ മെഡിക്കൽ കോളേജ് കാമ്പസിൽ രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണമെത്തിച്ച് ആശുപത്രികളിലെ വിവിധ സംഘടനകൾ. കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രി പരിസരത്ത് ഹോട്ടലുകളൊന്നും തുറന്നിരുന്നില്ല.
മെഡിക്കൽ കോളേജിലെ കോറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് എൻ.ജി.ഒ യൂണിയൻ നൽകി വരുന്ന ഭക്ഷണവിതരണം മുടങ്ങിയില്ല. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന നൂറിൽപരം ആശുപത്രി ജീവനക്കാർ ശനിയാഴ്ച രാത്രി മുതൽ ആശുപത്രിയിൽ തന്നെ തങ്ങിയിരുന്നു. ഇവർക്കും കൊറോണ വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കും ഭക്ഷണമെത്തിച്ചു. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എ ബിജുരാജ് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.എസ് മനോജ്, വി. ഷിജി, ഏരിയാ പ്രസിഡന്റ് വികാസ് ബഷീർ, സെക്രട്ടറി പി. ഡൊമിനിക്, വൈസ് പ്രസിഡന്റ് രൂപേഷ്, രജനികാന്ത്, നിയാസ്ഖാൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ശ്രീചിത്ര സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കാമ്പസിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കു പ്രഭാത - ഉച്ച ഭക്ഷണങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കെ.വി മനോജ് കുമാർ, എം.ടി. അരുൺ സജി, എസ്. വേണു, ഇ.പി. ബേബി തുടങ്ങിയവർ പങ്കെടുത്തു.