mohanlal

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ജനത കർഫ്യു'വിൽ, പാത്രങ്ങൾ കൊണ്ടടിച്ച് ശബ്ദമുണ്ടാക്കുന്നത് രോഗാണുക്കളെ അകറ്റുമെന്ന തന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് വാക്കുകളിൽ തിരുത്തൽ വരുത്തി നടൻ മോഹൻലാൽ. ഒരു മലയാള ചാനലിലൂടെ മോഹൻലാൽ നടത്തിയ ഈ പ്രസ്താവന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തിരുത്തിയത്. ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതെന്നും നന്ദി എന്നത് ഒരു വലിയ ഔഷധമാണെന്നും നന്ദിയുള്ളവർ ആയിത്തീരുക എന്നത് വലിയ പുണ്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നമ്മെ ബാധിച്ചിരിക്കുന്ന എല്ലാ അണുക്കളും പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ച് തുടങ്ങട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്.

മോഹൻലാലിന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് നിരവധി പേർ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്ത് വരികയും അശാസ്ത്രീയമായ കാര്യങ്ങൾ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സൂപ്പർ താരത്തിന്റെ അബദ്ധ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. ഇതിനു ശേഷമാണ് തന്റെ പുതിയ പ്രസ്താവനയുമായി നടൻ വീണ്ടും രംഗത്ത് വന്നത്. കൊറോണ രോഗബാധ സംബന്ധിച്ച് വാസ്തവിരുദ്ധമായ പ്രസ്താവന നടത്തിയതിന് തമിഴ് നടൻ രജനികാന്ത് പോസ്റ്റ് ചെയ്ത വീഡിയോ ട്വിറ്റർ നീക്കം ചെയ്തിരുന്നു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു.

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ.

പൂർണ്ണ മനസോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.#JantaCurfew #Covid19 #CoronaAwareness