bank

മുംബയ്: കൊറോണഭീതി രാജ്യമാകെ വ്യാപിച്ച പശ്ചാത്തലത്തിൽ ഇന്നുമുതൽ ബാങ്ക് ശാഖകളിൽ അവശ്യസേവനങ്ങൾ മാത്രമേ ലഭ്യമാക്കൂ എന്ന് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) വ്യക്തമാക്കി. പണം നിക്ഷേപിക്കൽ, പണം പിൻവലിക്കൽ, ചെക്ക് ക്ളിയറിംഗ്, പണം അയയ്ക്കൽ, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾ മാത്രമേ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലഭ്യമാകൂ.

രാജ്യത്തെ എല്ലാ ബാങ്കുകളുടെയും കൂട്ടായ്മയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ. അത്യാവശ്യ സേവനങ്ങൾക്കായല്ലാതെ ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ എത്തരുതെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു. എല്ലാ ബാങ്കിംഗ് സേവനങ്ങളും ഓൺലൈനായി ലഭ്യമാണ്. ബാങ്ക് ശാഖകളിൽ ജീവനക്കാരുടെ ഹാജർ, 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.