ഡിബാലയ്ക്കും മാൾഡീനിക്കും ഫെല്ലെയ്നിക്കും കൊറോണ
റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് കൊറോണ മൂലം മരിച്ചു
മിലാൻ : യൂറോപ്പിൽ താണ്ഡവമാടുന്ന കൊറോണ വൈറസ് കളിക്കളത്തിലും ക്രൗര്യം കുറയ്ക്കുന്നില്ല. ഒാരോ ദിവസവും പ്രമുഖ ഫുട്ബാൾ താരങ്ങൾക്ക് രോഗബാധയേറ്റവാർത്തകളാണ് പുറത്തുവരുന്നത്.
ഇറ്റാലിയൻ സൂപ്പർ ക്ളബ് യുവന്റസിന്റെ അർജന്റീനിയൻ യുവതാരം പൗളോ ഡിബാലയാണ് പട്ടികയിലെ ഏറ്റവും ഒടുവിലത്തെ രോഗബാധിതൻ. ഇതിഹാസ ഇറ്റാലിയൻ താരം പൗളോ മാൾഡീനി,ബെൽജിയൻ താരം മൗറാനേ ഫെല്ലെയ്‌നി തുടങ്ങിയവരും പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞു.റയൽ മാഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറൻസോ സാൻസിനെ കൊറോണ മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം യുവന്റസിൽ കളിക്കുന്ന ഡിബാല ഇന്നലെ സോഷ്യൽമീഡിയയിലൂടെയാണ് താൻ രോഗബാധിതനാണെന്ന് അറിയിച്ചത്. ഡിബാലയുടെ ഭാര്യ ഒറിയാന സബാറ്റിനിക്കും രോഗബാധ സ്ഥിരീകരിച്ചു.തനിക്ക് ഇപ്പോൾ ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യവാനാണെന്നും ഡിബാല അറിയിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. ഡിഫൻഡർ ഡാനിയേല റുഗാനിക്കാണ് ആദ്യം രോഗബാധയേറ്റത്. തുടർന്ന് ഫ്രഞ്ച് താരം ബ്ളെയ്സ് മറ്റ്യൂഡി പരിശോധനയിൽ പോസിറ്റീവായി. ഇതേത്തുടർന്ന് യുവന്റസ് താരങ്ങളെല്ലാം ഹോം ക്വാറന്റൈനിലായിരുന്നു.
മറ്റൊരു ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് എ.സി മിലാന്റെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിക്കുന്ന പൗളോ മാൾഡീനിയും പതിനെട്ടുകാരനായ മകനും രോഗത്തിന്റെ പിടിയിലാണ്. മിലാന്റെ യൂത്ത് ടീം കളിക്കാരനാണ് മാൾഡീനിയുടെ മകൻ. ഇപ്പോൾ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും രണ്ടാഴ്ചത്തേക്ക് വീട്ടിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ക്ളബ് അധികൃതർ അറിയിച്ചു.
1995 മുതൽ 2000 വരെയുള്ള കാലയളവിൽ റയലിന്റെ പ്രസിഡന്റായിരുന്ന ലോറൻസോ സാൻസ് 76-ാം വയസിലാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് സാൻസിനെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യ നില വഷളാവുകയായിരുന്നു. 1980കളിൽ റയലിന്റെ ബോർഡ് അംഗമായ സാൻസ് 1995ൽ റമോൺ മെൻഡോസയ്ക്ക് പകരക്കാരനായാണ് റയൽ പ്രസിഡന്റായത്. ഇദ്ദേഹത്തിന്റെ കാലയളവിൽ റയൽ രണ്ട് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു.
സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡിന്റെ കൊറോണ ബാധിതരായ ബാസ്കറ്റ്ബാൾ ടീമംഗങ്ങൾ പരിശീലനത്തിനെത്തിയതോടെ ഫുട്ബാൾ ടീം ക്യാപ്ടൻ സെർജിയോ റാമോസ് അടക്കമുള്ളവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ചൈനീസ് ലീഗിൽ കളിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മൗറാനേ ഫെല്ലെയ്നിക്ക് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഷാൻഡോംഗ് ലുനെംഗ് എന്ന ടീമിനായി കളിക്കുന്ന ഫെല്ലെയ്നി കഴിഞ്ഞ ദിവസം ജിനാൻ പ്രവിശ്യയിൽ ടീമിനൊപ്പം ട്രെയിനിൽ സഞ്ചരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്.ചൈനീസ് ഫുട്ബാൾ ലീഗിൽ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ കളിക്കാരനാണ് 32കാരനായ ഫെല്ലെയ്നി. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ചൈനീസ് ലീഗിലേക്ക് കുടിയേറിയത്.
മെക്സിക്കൻ ഫുട്ബാൾ ലീഗ് തലവൻ എൻറിക്കെ ബോണില്ലയും രോഗത്തിന്റെ പിടിയിലായി.രോഗഭീഷണിയെത്തുടർന്ന് ഇൗ മാസം 13 മുതൽ മെക്സിക്കൻ ലീഗ് ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് നടത്തിയത്. കഴിഞ്ഞ ദിവസം മുതൽ അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.