കാസർകോഡ്: കൊറോണ രോഗബാധയെ ചെറുക്കുമെന്നും അസുഖം ബാധിച്ചവർ രോഗമുക്തി നേടുമെന്നും അവകാശപ്പെട്ടുകൊണ്ട് വ്യാജമരുന്ന് വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ വിദ്യാനഗറിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ചാല റോഡിൽ താമസിക്കുന്ന ഹംസയെന്ന് പേരുള്ളയാൾ കൊറോണ രോഗത്തിനുള്ള മരുന്നെന്ന രീതിയിൽ വെള്ളനിറത്തിലുള്ള ഒരു ദ്രാവകം വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു.
ഈ ദ്രാവകത്തിന് കൊറോണ രോഗം മാറ്റാനുള്ള കഴിവുണ്ടെന്നും ഒരു ഷെയ്ക്കിൽ നിന്നും ലഭിച്ച നിർദേശമനുസരിച്ചാണ് താൻ ഈ മരുന്ന് തയ്യാറാക്കിയതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ വിൽപ്പന. കൊറോണ രോഗം ബാധിച്ചവരെ ചികിത്സിക്കാൻ മാത്രമല്ല രോഗത്തെ പ്രതിരോധിക്കുവാനും ഈ മരുന്നിന് കഴിയുമെന്നും ഇയാൾ അവകാശവാദം നടത്തിയിരുന്നു. ഇത്തരത്തിലുള്ള വ്യാജ വൈദ്യന്മാർ കാസർകോഡ് ജില്ലയുടെ പല ഭാഗങ്ങളിലായി ഇങ്ങനെയുള്ള തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.