stock

കൊച്ചി: കൊറോണയുടെ താണ്ഡവം ഇന്ത്യയിലും അതിശക്തമാകുന്നുവെന്ന സൂചനകൾ ഈയാഴ്‌ച ഓഹരി വിപണികളെ തകർത്തെറിയുമെന്ന് ആശങ്ക. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ ഏഴുപേർ കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധിതരുടെ എണ്ണം 350ഓളവുമായി. രോഗവ്യാപനം തടയാൻ രാജ്യം നിശ്ചലമാകുന്ന അവസ്ഥ ഓഹരി വിപണിക്ക് താങ്ങാനാവില്ല.

കൊറോണ ഭീതിമൂലം 2020ൽ ഇതുവരെ സെൻസെക്‌സിനുണ്ടായ നഷ്‌ടം 44.48 ലക്ഷം കോടി രൂപയാണ്. ഒട്ടുമിക്ക കമ്പനികളുടെയും ഓഹരിമൂല്യം റെക്കാഡ് താഴ്‌ചയിലെത്തി. വിദേശ നിക്ഷേപകർ ഈമാസം ഇതുവരെ 56,247 കോടി രൂപ പിൻവലിച്ചു.

കൊറോണ വിതച്ച സമ്പദ്ഞെരുക്കത്തിൽ നിന്ന് കരകയറാൻ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രക്ഷാപാക്കേജ് പ്രഖ്യാപിക്കുകയും 40 ഓളം രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിൽ ആഗോള ഓഹരികളിൽ വെള്ളിയാഴ്‌ച ഉണ്ടായ ഉണർ‌വ് ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. ഇന്ത്യയിൽ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെള്ളിയാഴ്‌ച ഓഹരികൾ ദശാബ്‌ദത്തിലെ തന്നെ മികച്ച മുന്നേറ്റം നടത്തി.

സെൻസെക്‌സ് 1,627 പോയിന്റും നിഫ്‌റ്റി 482 പോയിന്റുമാണ് മുന്നേറിയത്. സെൻസെക്‌സിന്റെ മൂല്യം 6.32 ലക്ഷം കോടി രൂപ ഉയരുകയും ചെയ്‌തു. എന്നാൽ, കൊറോണ കൂടുതൽ ആശങ്കവിതയ്ക്കുന്നതിനാൽ ഈവാരം കനത്ത തകർച്ചയാണ് നിരീക്ഷകർ പ്രവചിക്കുന്നത്.

കൊറോണയുടെ 'ഇടി"

തടയാൻ സെബി

കൊറോണ ഭീതിമൂലം നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുന്നതിന് തടയിട്ടിട്ടുണ്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ അഥവാ സെബി. ഓഹരികളുടെ മൂല്യത്തകർച്ച മുൻകൂട്ടി വിലയിരുത്തി കൂട്ടത്തോടെ വിറ്റൊഴിയുന്ന 'ഷോർട്ട് പൊസിഷൻ" നടപടികൾക്കാണ് നിയന്ത്രണം.

₹44.48 ലക്ഷം കോടി

സെൻസെക്‌സിൽ നിന്ന് 2020ൽ ഇതുവരെ നഷ്‌ടപ്പെട്ട തുക.

രൂപയ്ക്കും ചങ്കിടിപ്പ്

രൂപയുടെ സ്ഥിതിയും ഭദ്രമല്ല. കഴിഞ്ഞവാരം ഡോളറിനെതിരെ മൂല്യം റെക്കാഡ് താഴ്‌ചയായ 75.31വരെ ഇടിഞ്ഞു. ഓഹരികളിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞാൽ രൂപ കൂടുതൽ തകരും.

ആവശ്യങ്ങൾ

സമ്പദ്‌തളർച്ചയിൽ നിന്ന് കരകയറാൻ സാമ്പത്തികലോകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട അടിയന്തര നടപടികൾ:

 വായ്പകൾക്ക് ഒരുവർഷ മൊറട്ടോറിയം

 എൽ.ടി.സി.ജി., ലാഭവിഹിത നികുതികൾ ഒഴിവാക്കുക

 ആധാർ അധിഷ്‌ഠിത ഡയറക്‌‌ട് ബെനഫിറ്റ് ട്രാൻസ്‌ഫറിലൂടെ (ഡി.ബി.ടി) ഉടനടി ജനങ്ങൾക്കായി രണ്ടുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

 ജി.എസ്.ടി റിട്ടേണ നടപടികളിൽ ഇളവ്

 റിസർവ് ബാങ്ക് ഉടൻ റിപ്പോനിരക്ക് 0.50 ശതമാനം കുറയ്ക്കണം