ന്യൂഡല്‍ഹി: ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് രാജ്യത്തെ ജനങ്ങള്‍. വൈകിട്ട് 5 മണിയായതോടെ കൈകള്‍ കൊട്ടിയും പാത്രങ്ങള്‍ കൂട്ടിമുട്ടിയും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാനാണ് കേരളത്തിലെ ജനങ്ങൾ ഉൾപ്പടെയുള്ളവർ കൊറോണയ്ക്കെതിരെ ഒത്തുചേർന്നത്.
ജനതാ കർഫ്യു ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് കൈകൾ കൊട്ടിക്കൊണ്ടും പാത്രങ്ങൾ പരസ്പരം അടിച്ചുകൊണ്ടും ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നിർദ്ദേശിച്ച ജനതാ കര്‍ഫ്യുവിന്റെ ഭാഗമായി രാജ്യത്തെമ്പാടും ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 350 പേരെയാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച് ആറ് പേർ രാജ്യത്ത് ഇതുവരെ മരണമടഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലക്കാരും രണ്ട് പേർ മലപ്പുറം ജില്ലക്കാരും രണ്ട് പേർ കോഴിക്കോട് ജില്ലക്കാരും നാല് പേർ കണ്ണൂർ ജില്ലക്കാരും അഞ്ച് പേർ കാസർഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തിൽ 67 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 3 പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.