മെൽബൺ : ലോകത്ത് എല്ലായിടത്തും കൊറോണയെപ്പേടിച്ച് ഫുട്ബാൾ മത്സരങ്ങൾ നിറുത്തിവച്ചിരിക്കുമ്പോൾ കളി നടക്കുന്നത് ആസ്ട്രേലിയയിൽ മാത്രം. എന്നാൽ ഇവിടെയും കാണികളെ പ്രവേശിപ്പിക്കുന്നില്ല.
ആസ്ട്രേലിയൻ എ ഡിവിഷൻ മത്സരങ്ങളാണ് നിറുത്തിവയ്ക്കാത്തത്.ആറ് റൗണ്ടുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. പങ്കെടുക്കുന്ന 11 ടീമുകളിൽ രണ്ടെണ്ണം ഹോം ക്വാറന്റൈനിലാണെങ്കിലും ലീഗ് തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
അതേസമയം ഫുട്ബാൾ മത്സരങ്ങൾ നടത്തുന്നതിൽ പ്രതിഷേധവുമുണ്ട്. ഫോർമുല വൺ ആസ്ട്രേലിയൻ ഗ്രാൻപ്രീ അടക്കമുള്ള മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. മെൽബണിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാനെത്തിയ ആൾക്ക് കൊറോണ സ്ഥിരീകരിച്ചതും ആശങ്ക ഉയർത്തിയിരുന്നു.