ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ നാളെ മുതൽ രാജ്യതലസ്ഥാനം പൂർണമായി അടച്ചിടും. മാർച്ച് 23ന് രാവിലെ ആറുമുതൽ മാർച്ച് 31 അർദ്ധരാത്രി വരെ ഡൽഹി ലോക്ക്ഡൗൺ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കുമെന്നും ബോർഡറുകൾ അടയ്ക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഈ കാലയളവിൽ ഡൽഹിയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളും നിറുത്തിവയ്ക്കും.
സ്വകാര്യ ബസുകൾ, ഓട്ടോ, ഇ-റിക്ഷ തുടങ്ങിയ പൊതുഗാതാഗത സംവിധാനങ്ങളൊന്നും അനുവദിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി ട്രാൻസ്പോർട്ട് കമ്മിഷനിലെ 25 ശതമാനം ബസുകൾ സർവീസ് നടത്തും. അവശ്യ സേവനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ സർവീസെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ 27 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവരിൽ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.