കാസർകോട്: കൊറോണയുടെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആർ.പി.സി 144 പ്രകാരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഉത്തരവിറക്കി.
ജില്ലയിലെ 17 പൊലീസ് സ്‌റ്റേഷൻ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവൻ വ്യാപാര സ്ഥാനങ്ങളും ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തിയേറ്ററുകളും പാർക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും മാർച്ച് 22 രാത്രി ഒമ്പത് മുതൽ ഇനി ഒരുത്തരവുണ്ടാകുന്നതു വരെ പ്രവർത്തിക്കാൻ പാടില്ല.
പാൽ ബൂത്തുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ എന്നിവ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. എന്നാൽ അത്തരം കടകളിൽ ജനങ്ങൾ കുറഞ്ഞത് ഒന്നര മീറ്റർ അകലം പാലിച്ച് സാനിറ്റൈസർ, മാസ്‌കുകൾ എന്നിവ ഉപയോഗിച്ച് മാത്രമേ കടകൾക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പൊലീസ് ഉറപ്പു വരുത്തണം.
പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു യാത്രകളും വിലക്കിയ ഉത്തരവുകൾ തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ നിയോഗിച്ച സന്നദ്ധ, ബോധവത്കണ, വാർഡുതല ആരോഗ്യ പ്രവർത്തകർ മൊബൈൽ ഫോൺ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവർ എന്നിവർക്ക് ബാധകമല്ല.