കോവളം: ജനതാ കർഫ്യുവിൽ വിഴിഞ്ഞം മീൻപിടിത്ത തുറമുഖമടക്കമുളള തീരദേശം നിശ്ചലമായി. മത്സ്യത്തൊഴിലാളികൾ വളളങ്ങളും അനുബന്ധ ഉപകരണങ്ങളും തീരത്ത് കയറ്റിവച്ച് പുറത്തിറങ്ങാതെ വീടുകളിൽ കഴിഞ്ഞു. സാധാരണ ഞായറാഴ്ച്ചകളിൽ പളളികളിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മിക്കതൊഴിലാളികളും മീൻപിടിത്തത്തിന് പോകുന്നത്. കൊറോണയുടെ ഭാഗമായി പ്രഖ്യാപിച്ച ജനതാകർഫ്യൂവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തീരദേശത്തുളള ആരാധനാലയങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ഇന്നലെ രാവിലെ മുതൽ രാത്രിവരെയുളള സമയം കടലിൽ വളളമിറക്കുകയോ മീൻവില്പന നടത്തുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശമാണ് നൽകിയിരുന്നത്.

ഇതവഗണിച്ച് പോകുന്നവർക്കെതിരായി പോലീസ് നിയമനടപടി സ്വീകരിച്ചാൽ ഇടവക ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടയാണ് തൊഴിലാളികൾ മീൻപിടിത്തം ഒഴിവാക്കിയതെന്ന് മത്സ്യത്തൊഴിസംഘടനകൾ പറഞ്ഞു. എന്നാൽ കർഫ്യൂ നീട്ടുകയാണെങ്കിൽ തങ്ങളുടെ നിലനില്പ്പും അവതാളത്തിലാവുമെന്നും തൊഴിലാളികൾ പറഞ്ഞു.