ന്യൂഡൽഹി: കൊറോണയ്ക്കെതിരെ രാജ്യം നീണ്ടൊരു പോരാട്ടമാണ് നടത്തുന്നതെന്നും ആ മഹാമാരിയെ ഇല്ലാതാക്കാനുള്ള ശേഷി നമുക്കുണ്ടെന്ന് രാജ്യത്തെ ജനങ്ങൾ ഇന്ന് തെളിയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാജ്യത്തിന് ധൈര്യം പകരുന്ന ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. ഇന്നത്തെ ജനതാ കർഫ്യു രാത്രി ഒൻപത് മണിയോടുകൂടി അവസാനിക്കുമെന്നുകരുതി അത് വിജയമായി കണക്കാക്കാൻ സാധിക്കില്ലെന്നും അത് ആഘോഷിക്കാനുള്ള അവസരമല്ല ഇതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇത് നീണ്ടൊരു പോരാട്ടത്തിന്റെ തുടക്കമാണ്. ഇന്ന് രാജ്യത്തെ ജനങ്ങൾ തങ്ങൾ രോഗത്തെ നേരിടാൻ പ്രാപ്തരാണെന്ന് തെളിയിക്കുകയാണ് ചെയ്തത്. നമ്മൾ തീരുമാനവുമെടുക്കുകയാണെങ്കിൽ, ഈ വലിയ വെല്ലുവിളിയെ നമ്മുക്ക് എതിർത്ത് തോൽപ്പിക്കാൻ സാധിക്കും. അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
ജനതാ കർഫ്യു ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് കൈകൾ കൊട്ടിക്കൊണ്ടും പാത്രങ്ങൾ പരസ്പരം അടിച്ചുകൊണ്ടും ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതനുസരിച്ച്, ഇന്ന് വൈകിട്ട് 5 മണിക്ക് കൈകള്‍ കൊട്ടിയും പാത്രങ്ങള്‍ കൂട്ടിമുട്ടിയും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങൾ ഉൾപ്പടെയുള്ളവർ കൊറോണയ്ക്കെതിരെ ഒത്തുചേർന്നിരുന്നു.