covid-19

പത്തനംതിട്ട: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കുടുംബം ആരെയും അറിയിക്കാതെ വീട് പൂട്ടി സ്ഥലം വിട്ടു. അമേരിക്കയിൽ നിന്നുമെത്തിയ കുടുംബമാണ് അധികൃതരെ വിവരമറിയിക്കാതെ തങ്ങളുടെ വീട് പൂട്ടി കടന്നുകളഞ്ഞത്. പത്തനംതിട്ട മെഴുവേലിയിൽ നിന്നുമുള്ള ഈ രണ്ടുപേരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള തീവ്രശ്രമം നടത്തുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും നിയമപാലകരും.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ക്വറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ച 15 പേർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ നിന്നുമുള്ള പതിമൂന്ന് പേർക്കെതിരെയും കൊല്ലം സ്വദേശികളായ 2 പേർക്കെതിരെയുമാണ് കേരള പൊലീസ് കേസുകൾ എടുത്തിരിക്കുന്നത്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ അനുസരിക്കാത്ത ഇവർക്കെതിരെ 2009ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011ലെ കേരളാ പൊലീസ് ആക്ട് പ്രകാരവുമാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.