
ദുബായ്: വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഇല്ലാതാകില്ലെന്നും ഏത് പ്രതികൂല സാഹചര്യത്തിലും മുന്നോട്ട് പോകുമെന്നും പറഞ്ഞുകൊണ്ട് ജനങ്ങൾക്ക് ധൈര്യം നൽകി യു.എ.ഇ ഭരണാധികാരിയും പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം.ഒരു സ്ക്കൂളിൽ ഇ-ലേർണിംഗ് പദ്ധതി ആരംഭിച്ചതുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം ട്വിറ്റർ വഴി ജനങ്ങളെ അറിയിച്ചത്.
രാജ്യത്തെ ഗവൺമെന്റ്, സ്വകാര്യ വിദ്യാലയങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളുകളും യൂണിവേഴ്സിറ്റികളുമെല്ലാം കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവച്ചു. എന്നാൽ, വിദ്യാഭ്യാസം ഒരിക്കലും നിലയ്ക്കുകയില്ല. വിദ്യാഭ്യാസം ആരോഗ്യം പോലെയാണ്. ഒരു സാഹചര്യത്തിലും നമുക്ക് നിർത്താനാവില്ല-അദ്ദേഹം പറയുന്നു.
രാജ്യത്തെ പത്ത് ലക്ഷം വിദ്യാർത്ഥികളാണ് ഇ-ലേർണിംഗ് പരിപാടിയിൽ പങ്കെടുത്തത്.അതോടൊപ്പം താൻ വീഡിയോ കോൺഫറൻസിംഗ് വഴി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ നൽകിയിട്ടുണ്ട്. തന്റെ വീട്ടിൽ സജ്ജീകരിച്ചിട്ടുള്ള വലിയ സ്‌ക്രീനിലൂടെയാണ് അദ്ദേഹം തന്റെ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്.
വീഡിയോ കോൺഫറൻസിംഗിലൂടെ കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ചാണ് അദ്ദേഹം മന്ത്രിമാരുമായി ചർച്ച ചെയ്തത്. റോഡുകൾ അണുവിമുക്തമാക്കുക, സർക്കാർ ജീവനക്കാർക്ക് വീടുകളിൽ ജോലി ചെയ്യാനുള്ള സൗകര്യം, സിനിമാ ഹാളുകൾ അടച്ചിടൽ തുടങ്ങിയ ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ കൊറോണ രോഗത്തിനെതിരായി യു.എ.ഇ നടത്തിവരികയാണ്.