ന്യൂഡൽഹി : ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14000 കടന്നു. ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 651 പേരാണ്. ഇതോടെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5476 ആയി. ലോകത്താകെ ഇതുവരെ 14,441 പേരാണ് കൊറോണ വൈറസ് ബാധിച്ചത്. 3,36,167 പേരാണ് കൊറോണ ബാധിച്ച് ലോകത്താകെ ചികിത്സയിലുള്ളത്.
അതേസമയം ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 396 ആയി . ഇതിൽ 41 പേർ വിദേശ പൗരന്മാര് ആണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒരാൾവീതം ഇന്നലെ മരിച്ചു. കസ്തൂർബ ആശുപത്രിയിൽ 63 കാരൻ മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണം രണ്ടായി. ബീഹാറിൽ ഖത്തറില്‍ നിന്നെത്തിയ 38കാരന്റെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിൽ സൂററ്റിൽ 69കാരൻ മരിച്ചു. വഡോദരയിൽ ഒരു 65കാരി മരിച്ചങ്കിലും ഇവരുടെ കൊറോണ പരിശോധനാഫലം ലഭിച്ചിട്ടില്ല.
ഇന്ത്യയിൽഇപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്.