kanika-kapoor

കൊറോണ രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂർ തന്നെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്കെതിരെ ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. തനിക്ക് നൽകിയ മുറിയിൽ കൊതുകു ശല്യമാണെന്നും തന്നോട് ആശുപത്രി ജീവനക്കാർ കുറ്റവാളിയോടെന്ന പോലെ പെരുമാറുന്നു എന്നുമായിരുന്നു കനികയുടെ പരാതി. തനിക്ക് കഴിക്കാൻ ഒന്നും തരുന്നില്ലെന്നും പ്രാണികൾ പൊതിഞ്ഞ പഴങ്ങൾ മാത്രമാണ് ആശുപത്രി അധികൃതർ നൽകിയതെന്നും കനിക പറഞ്ഞിരുന്നു.

തനിക്ക് പനിയുള്ള വിവരം അറിയിച്ചിട്ടും ആരും തന്നെ നോക്കിയില്ലെന്നും കൊണ്ടുവന്ന ഭക്ഷണം എടുത്തുകൊണ്ട് പോയെന്നും മരുന്ന് കഴിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് കനിക പരാതികളുടെ കെട്ടഴിച്ചത്. എന്നാൽ ഇവരുടെ ഈ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് കനികയെ പ്രവേശിപ്പിച്ചിരിക്കുന്ന ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസിലെ അധികൃതർ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.

ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ നൽകുന്ന വിശദീകരണം ഇങ്ങനെ: 'ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗമയും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം'.

യാത്രാ വിവരങ്ങൾ യഥാസമയം കനിക ആരോഗ്യപ്രവർത്തകരെ അറിയികാതിരുന്നതിനും രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനും ലഖ്‌നൗ പൊലീസ് കേസ് കനിക കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരം കൊറോണ രോഗം സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ലഭിക്കാവുന്നതാണ്.