രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി താഴുന്ന അവസ്ഥയാണ് അനീമിയ . ശരീരത്തിന് ആവശ്യമായ അയൺ ലഭിക്കാതിരിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. കടുത്ത ക്ഷീണം, ശ്വാസോച്ഛ്വാസത്തിന് പ്രയാസം, ത്വക്കിന്റെ സ്വഭാവിക നിറം നഷ്ടപ്പെടുക, വിളറിയ കണ്ണുകൾ, കാൽപ്പാദങ്ങളിൽ നീര് എന്നിവയുണ്ടെങ്കിൽ അനീമിയ സംശയിക്കണം. മുളപ്പിച്ച പയർ, ധാന്യങ്ങൾ, കടല, ഇലക്കറികൾ, ഈന്തപ്പഴം, കടൽ വിഭവങ്ങൾ, മുട്ട, ഉണക്കമുന്തിരി, മാതളം, കോഴിയിറച്ചി, മത്സ്യം എന്നിവ കഴിച്ച് അനീമിയ തടയാം. അയൺ അടങ്ങിയ ആഹാരം കഴിക്കുമ്പോൾ ഒപ്പം വിറ്റാമിൻ സി അടങ്ങിയ ആഹാരം നിർബന്ധമായും കഴിക്കണം. അയണിന്റെ ആഗിരണം സുഗമമാക്കുന്ന ജീവകമാണിത്. അയൺ അടങ്ങിയ ഭക്ഷണത്തിനൊപ്പം ഓറഞ്ച്, പേരയ്ക്ക, നെല്ലിക്ക, മാങ്ങ, സപ്പോട്ട, ഇലക്കറികൾ, പപ്പായ , മുന്തിരി, മുസംബി, നാരങ്ങ ഇവയിലേതെങ്കിലും ഒന്നുകൂടി കഴിക്കുക. ചായയിലും കാപ്പിയിലുമുള്ള ടാനിൻ അയണിന്റെ ആഗിരണം തടയും.