
കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിന്റെ ഭാഗമായും പകർച്ചവ്യാധിക്കിടെ കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള അഭിനന്ദനസൂചകമായുമാണ് ഞായറാഴ്ച 'ജനത കർഫ്യു' ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനത്തെ പലരും 'ആഘോഷ'മാക്കി മാറ്റിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
പാത്രങ്ങളിൽ കൊട്ടിയും കൈയടിച്ചും 'ജനതാ കർഫ്യു'വിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതാണെങ്കിലും കൊറോണ രോഗത്തിന്റെ ഭീഷണി അനുദിനം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിൽ കൂട്ടം കൂടി നിന്നുകൊണ്ടും ആഘോഷമാക്കിയും വീണ്ടുവിചാരമില്ലാതെ അത് ചെയ്യുന്നത് ആപത്തിനെ ക്ഷണിച്ചുവരുത്തലാണ്.
'സാമൂഹിക അകലം' അകലം പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞുകഴിഞ്ഞ സാഹചര്യത്തിലാണ് ഇവർ ഇത്തരത്തിൽ പെരുമാറുന്നതെന്നതാണ് വിരോധാഭാസം. നിരവധി പേർ ഇങ്ങനെ പ്രവർത്തിക്കുന്നതിന്റെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കാണാൻ സാധിക്കും.
ഈ വീഡിയോകൾ കണ്ട അനേകം ആൾക്കാർ അപകടകരമായ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. 'സോഷ്യൽ ഡിസ്റ്റൻസിംഗ്' എന്നതുകൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഇവർ പരിഹാസരൂപേണ ചോദിക്കുന്നത്.
രോഗം അതിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ആരോഗ്യ വിദഗ്ദർ നിരന്തരം മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഒരു കൂട്ടം ആൾക്കാർ ഇങ്ങനെ പെരുമാറുന്നതെന്നത് നിർഭാഗ്യകരമാണ്. രാജ്യത്ത് ഇതുവരെ കൊറോണ രോഗം ബാധിച്ചത് ഏകദേശം 350 പേരെയാണ്. രോഗം മൂലം രാജ്യത്ത് ആറുപേർ മരണമടയുകയും ചെയ്തിരുന്നു.
വിഡിയോകൾക്ക് കടപ്പാട്: ദ ന്യൂസ് മിനിറ്റ്, ഇന്ത്യൻ എക്സ്പ്രസ്സ്