corona-virus

കൽപ്പറ്റ: കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനമെങ്ങും. ഇതിനിടെയിലാണ് വിദേശത്തുനിന്നെത്തിയ മലയാളികൾ ഹോട്ടലിൽ ഒളിച്ചു താമസിച്ച വിവരം പുറത്തു വരുന്നത്. മലപ്പുറം സ്വദേശികൾ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിൽ താമസിച്ചുവെന്നാണ് വിവരം. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവർ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ജനതാ കർഫ്യുവിൽ കടുത്ത നിയന്ത്രണണങ്ങളായിരുന്നു ജില്ലകളിലടക്കം ഏർപ്പെടുത്തിയിരുന്നത്. രോഗം പടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം പുറത്തുവന്നത്. അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. മറ്റു ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വയനാട്ടിലെത്തുന്നയായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

കൊറോണ മരണം ഉയരുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ സമൂഹവ്യാപനം തടയാൻ കേന്ദ്രസർക്കാർ രാജ്യവ്യാപകമായി കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടെ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കാസർകോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.