കുണ്ടറ: വീട്ടിൽ അതിക്രമിച്ച് കയ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. മാല പൊട്ടിച്ചെടുക്കുന്നതിനിടെ കഴുത്തിലേറ്റ മുറിവിൽ 17 തുന്നലുകളിടേണ്ടിവന്നു. കുഴിയം തെക്ക് തടത്തിൽ പുത്തൻവീട്ടിൽ ഓമനയുടെ (80) മാലയാണ് ശനിയാഴ്ച രാത്രി ഉറക്കത്തിനിടെ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് 36 വർഷമായി ഓമന വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മാല പൊട്ടിച്ചെടുക്കുമ്പോൾ കഴുത്തിൽ മുറിവേറ്റെങ്കിലും ഇവർ അറിഞ്ഞില്ല. മയക്കിക്കിടത്തിയാവാം മോഷണം നടത്തിയതെന്ന് സംശയിക്കുന്നു.
രണ്ട് പവന്റെ മാലയോടൊപ്പം കമ്മലും മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയുടെ ഓടിളക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാത്രി ഒൻപതോടെ ഉറങ്ങാൻകിടന്ന ഓമന 11ഓടെ ഉണർന്നു. പിന്നീട് ഞായറാഴ്ച ഏഴോടെയാണ് ഉണർന്നത്. ഉണർന്നപ്പോൾ കഴുത്തിൽ അസഹ്യമായ വേദന അനുഭവപ്പെട്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇവർ ചന്ദനത്തോപ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കുണ്ടറ പൊലീസും പൊലീസ് നായയും ഫോറൻസിക് വിദഗ്ദ്ധരുമെത്തി തെളിവെടുത്തു