italy-corona

റോം: കൊറോണ വൈറസിന്റെ ഏറ്റവും കൂടുതൽ പ്രഹരമേറ്റ രാജ്യമാണ് ഇറ്റലി. രാജ്യത്ത് ഇതിനോടകം തന്നെ അയ്യായിരത്തിൽ കൂടുതലാളുകൾ മരിച്ചുകഴിഞ്ഞു. അമ്പതിനായിരത്തിൽ കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗത്തെ വരുതിയിലാക്കാൻ അവസാന ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റലി.

രോഗവ്യാപനം തടയാനായി ഇറ്റലിയിൽ അനാവശ്യമായ യാത്രകളൊക്കെ നിരോധിച്ചു. കൂടാതെ വസ്ത്രവ്യാപാരം, ഫർണിച്ചർ നിർമാണം ഉൾപ്പെടെയുള്ള എല്ലാവിധ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടുകഴിഞ്ഞു.' രാജ്യം വൈറസുമായുള്ള യുദ്ധത്തിലാണ്. സ്വന്തം സൈന്യം, സഖ്യകക്ഷികളുടെ സഹായം എന്നിങ്ങനെ രണ്ടുതരത്തിലാണ് ഓരോ യുദ്ധവും വിജയിക്കുന്നത്- സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡൊമനികോ ആർകൂരി പറഞ്ഞു.

കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയേക്കാൾ ഉയർന്ന മരണനിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും വൈറസിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്.