cuban-doctors

ഹവാന: കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഈ സാഹചര്യത്തിൽ ഇറ്റലിയെ സഹായിക്കാനായി തിരിച്ചിരിക്കുകയാണ് ക്യൂബൻ ഡോക്ടർമാരുടെ സംഘം. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

"ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല". ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് - തീവ്രപരിചരണ വിദഗ്ദ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68)പറഞ്ഞു. ലൈബീരിയയിൽ എബോള സമയത്തു സേവനം അനുഷ്ഠിച്ചിരുന്ന ഫെർണാണ്ടസിന്റെ വിദേശത്തുള്ള എട്ടാമത്തെ പ്രവർത്തനമാണിത്.

1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി ഡോക്ടർമാരെ ക്യൂബ അയയ്ക്കാറുണ്ട്. ചെെനയിലേക്കും ക്യൂബൻ ഡോക്ടർമാർ സഹായവുമായി പോയിരുന്നു. 2010ൽ ഹെയ്തിയിൽ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽനിന്നത് ക്യൂബയിൽനിന്നെത്തിയ ‍ഡോക്ടർമാരായിരുന്നു.

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയർന്നു. ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവൻ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. പതിറ്റാണ്ടുകൾ നീണ്ട യു.എസ് ഉപരോധവും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളും ക്യൂബയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

വിദേശത്തുള്ള ഡോക്ടർമാരെ മാറ്റിനിറുത്തിയാൽ പോലും ലോകത്തിൽ ഏറ്റവുമധികം ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നാണു ക്യൂബ. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കരീബിയൻ രാജ്യങ്ങളൊന്നും അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് കപ്പലിനു ക്യൂബയിൽ പ്രവേശനം അനുവദിച്ചിരുന്നു. അറുനൂറിലധികം യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു ബ്രിട്ടൻ ക്യൂബയ്ക്കുള്ള നന്ദിയും അറിയിക്കുകയും ചെയ്തു.