അബുദാബി: കൊറോണ വെെറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടികൾ കെെക്കൊണ്ട് യു.എ.ഇ. സാമൂഹിക സമ്പർക്കം പരിമിതപ്പെടുത്തുന്നതിനായാണ് യു.എ.ഇ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ആരോഗ്യമന്ത്രാലയവും, ദുരന്തനിവാരണ സമിതിയുമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നടപടികൾ ഇങ്ങനെ...
1-യു.എ.യിലെ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും 48 മണിക്കൂറിനുള്ളിൽ അടച്ചിടും.
2-അവശ്യവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാർമസികൾ, പലചരക്ക് കടകൾ എന്നിവ മാത്രം തുറക്കും.
3-റസ്റ്റോറന്റുകളും മറ്റ് ഭക്ഷണശാലകളും അടച്ചിടും. ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകുന്നതിനുള്ള സർവീസ് മാത്രമേ നടത്തൂ.
4-ഭക്ഷണങ്ങളോ പലചരക്ക് സാധനങ്ങൾ വാങ്ങാനോ മാത്രം പുറത്തിറങ്ങുക.
5-കാറിൽ സഞ്ചരിക്കുകയാണെങ്കിൽ മൂന്നിൽ കൂടുതൽ പേർ ഉണ്ടാവരുത്.
6-പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്.
7-പൊതുഗതാഗതത്തെ കുറിച്ച് വിശദമായ നിർദേശങ്ങൾ അധികൃതർ പിന്നീട് അറിയിക്കും.
8-48 മണിക്കൂറിനുള്ളിൽ മുഴുവൻ വിമാന യാത്രാ സർവീസുകളും നിറുത്തി വയ്ക്കും.
9-അത്യാവശ്യത്തിനും ജോലി ആവശ്യത്തിനും മാത്രമല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊറോണ വെെറസ് ബാധിച്ച് യു.എ.യിൽ ആദ്യ രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിനശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മരണം. ജനുവരി 29നാണ് യു.എ.ഇയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. 12 ഇന്ത്യക്കാർ ഉൾപ്പെടെ രാജ്യത്ത് 140 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 31 പേർ രോഗവിമുക്തി നേടി. യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയും അവധി പ്രഖ്യാപിച്ചും രോഗവ്യാപനം തടയാൻ ഊർജിതനീക്കം തുടരുന്ന ഘട്ടത്തിലും രോഗികളുടെ എണ്ണം ഉയരുകയാണ്.