ന്യൂഡൽഹി: കൊറോണ വ്യാപനം തടയാനായി 'ലോക്ക് ഡൗൺ" പ്രഖ്യാപിച്ചതും ഒട്ടേറെപ്പേർ 'വർക്ക് ഫ്രം ഹോം" സൗകര്യം പ്രയോജനപ്പെടുത്തിയതും മൂലം ഇന്റർനെറ്ര് ഡൗൺലോഡിന് ഡിമാൻഡ് കൂടിയതിനാൽ ടെലികോം നെറ്ര്‌വർക്കുകൾ നേരിടുന്ന കനത്ത 'ഓവർലോഡ്" തടയാൻ എച്ച്.ഡി വീഡിയോകൾക്ക് നിയന്ത്രണം ഏപ്പെടുത്തണമെന്ന് ടെലികോം കമ്പനികൾ കേന്ദ്ര ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
നെറ്ര്‌ഫ്ളിക്‌സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്‌സ്‌റ്റാർ, യൂട്യൂബ്, സീ5 തുടങ്ങിയ വീഡിയോ സ്‌ട്രീമിംഗ് കമ്പനികളോട് ഉപഭോക്താക്കൾക്ക് എച്ച്.ഡി (ഹൈ ഡെഫനിഷൻ) വീഡിയോകൾക്ക് പകരം എസ്.ഡി (സ്‌റ്റാൻഡേർഡ് ഡെഫനിഷൻ) വീഡിയോകൾ നൽകാൻ നിർദേശിക്കണമെന്നാണ് ആവശ്യം. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവ അംഗങ്ങളായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയാണ് (സി.ഒ.എ.ഐ) കേന്ദ്രസർക്കാരിനെ സമീപിച്ചത്.
യൂറോപ്പിൽ കഴിഞ്ഞവാരം ഒട്ടേറെ കമ്പനികൾ എസ്.ഡിയിലേക്ക് ചുവടുമാറ്റിയിരുന്നു. അതേസമയം, ബാൻഡ്‌വിഡ്‌ത്തിൽ ഓവർലോഡ് തടയാൻ, ഡാറ്റാ സേവിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്ന് വീഡിയോ സ്‌ട്രീമിംഗ് കമ്പനികൾ വ്യക്തമാക്കി.