ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ലോക്ക്ഡൗൺ നടപ്പാക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളാനും നിർദേശമുണ്ട്. നിലവിൽ രാജ്യത്തെ എൺപതോളം ജില്ലകളിൽ പൂർണമായ രീതിയിൽ ലോക്ക്ഡൗൺ നടപ്പാക്കി കഴിഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 400 കവിഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങളിൽ ഒരുവിഭാഗം ഇതുവരെയും ലോക്ക്‌ഡൗൺ പൂർണമായി ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ലെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി ട്വിറ്രറിൽ പരാമർശിച്ചിരുന്നു. സർക്കാർ നൽകുന്ന നിർദേശങ്ങൾ ആളുകൾ പാലിക്കുന്നുണ്ടെന്ന് അതാത് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്‌തു.
ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങൾ എല്ലാം തന്നെ പൂർണമായ രീതിയിൽ ലോക്ക്ഡൗൺ ആയിക്കഴിഞ്ഞു. അവശ്യസേവനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. റെയിൽ, മെട്രോ, അന്തർ സംസ്ഥാന വാഹനഗതാഗതം തുടങ്ങിയവയുടെയെല്ലാം പ്രവർത്തനം നിലച്ചു കഴിഞ്ഞു. കൂടാതെ, മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതുഗതാഗതവും സ്‌തംഭനാവസ്ഥയിലാണ്.
പൊതുസ്ഥലങ്ങളിൽ നാല് പേരിൽ അധികം കൂടുകയാണെങ്കിൽ സെക്ഷൻ 144 പ്രയോഗിക്കാനാണ് മിക്ക സംസ്ഥാനങ്ങളിലെയും സർക്കാരുകൾ തീരുമാനിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് സെക്ഷൻ 188 പ്രകാരം ഒരുമാസം ജയിൽവാസമോ 200 രൂപ പിഴയോ ലഭിക്കും. ഇത് ആറുമാസം ജയിൽ വാസം അല്ലെങ്കിൽ 1000 രൂപ വരെ പിഴ എന്ന കണക്കിന് നീണ്ടേക്കാം.
കേരളത്തിൽ കാസർകോട് ജില്ല പൂർണമായും അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾ തുറക്കില്ല. വ്യാപാരിവ്യവസായികളുമായി ചർച്ച ചെയ്തശേഷം അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കാനാണ് തീരുമാനം. പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ കർശന നിയന്ത്രണം നടപ്പാക്കും. വൈറസ് ബാധയുള്ള മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണമാകും ഉണ്ടാകുക. കൂടാതെ ബാറുകൾ അടച്ചിടാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.