ഭോപ്പാൽ: ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വൈകിട്ട് ഏഴുമണിയ്ക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഭോപ്പാലിൽ ചേരുന്ന ബി.ജെ.പി യോഗത്തിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. നാലാം തവണയാണ് ശിവരാജ് സിംഗ് മുഖ്യമന്ത്രിയാകുന്നത്. വ്യാഴാഴ്ചയാണ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തൊട്ടുപിന്നാലെ മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന് തന്നെ വീണ്ടും നറുക്ക് വീഴുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബി. ജെ. പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച 22 കോൺഗ്രസ് എം.എൽ.എ.മാർ രാജിവച്ചതോടെയാണ് കമൽനാഥ് സർക്കാരിന്റെ ഭാവി തുലാസിലായത്.
കഴിഞ്ഞയാഴ്ച വിശ്വാസ വോട്ടിന് ഗവർണർ ഉത്തരവിട്ടെങ്കിലും കൊറോണയുടെ പേരിൽ നിയമസഭ 26 വരെ സ്‌പീക്കർ എൻ. പി പ്രജാപതി മാറ്റി വച്ചു. തുടർന്ന് ഉടൻ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിൽ വിശ്വാസവോട്ടിന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിശ്വാസവോട്ടിന് മുമ്പ് തന്നെ കമൽനാഥ് രാജിവയ്‌ക്കുകയായിരുന്നു.