ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കി ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളും യാത്രക്കാർ തമ്മിലുള്ള സീറ്റ് അറേഞ്ച്മെന്റിൽ നിശ്ചിത അകലം പാലിച്ചിരിക്കണമെന്നാണ് ഡി.ജി.സി.എയുടെ നിർദേശം. രണ്ടു യാത്രക്കാർക്കിടയിൽ ഒരു ഒഴിഞ്ഞ സീറ്റ് നിലനിറുത്തിയാകണം ക്രമീകരണം നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഇത് കർശനമായി നടപ്പാക്കണമെന്നും ഡി.ജി.സി.എ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
സാമൂഹിക അകലം അഥവാ സോഷ്യൽ ഡിസ്‌റ്റൻസിംഗ് പാലിക്കുക എന്ന നയത്തെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ പ്രാവർത്തികമാക്കുന്നത്. തത്വത്തിൽ എക്കോണമി ക്ളാസിലെ മദ്ധ്യഭാഗത്തെ സീറ്റുകൾ ഒഴിഞ്ഞു കിടക്കും എന്നർത്ഥം. ഇതുകൂടാതെ, വിമാനക്കമ്പനികളോട് ചെക്കിൻ കൗണ്ടറുകൾ തമ്മിലുള്ള അകലം ഒരു മീറ്റായി വർദ്ധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് സേവനങ്ങൾ നൽകുന്നതിനൊപ്പം കൃത്യമായ അകലം ജീവനക്കാർ പാലിക്കണമെന്നും നിർദേശമുണ്ട്.