കൊറോണ വൈറസിനെ കൊല്ലാൻ സോപ്പ് മതിയെന്നാണ് ശാസ്ത്രലോകം പറയുന്നത്.
കഴുകേണ്ട രീതിയില്‍ കഴുകിയാല്‍ കൊറോണക്ക് പിടിച്ചു നില്‍ക്കാനാകില്ല. സോപ്പ് തന്നെയാണ് കൊറോണക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും ജനകീയമായ ആയുധമെന്നും വിദഗ്ധർ പറയുന്നു.
എത് സോപ്പുകളും കൊറോണ വൈറസിനെതിരെ ഫലപ്രദമാണ്. സോപ്പിലെ ചെറുകണികകള്‍ വൈറസുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കൊറോണ വൈറസ് നശിച്ചുപോകുന്നത്. ഓരോ കൊറോണ വൈറസിന് ചുറ്റും കൊഴുപ്പിന്റേയും മാംസ്യത്തിന്റേയും ആവരണങ്ങളുണ്ട്. ഇതാണ് വൈറസിനെ നശിച്ച് പോകോതെ സംരക്ഷിക്കുന്നത്. ഇതിനെയാണ് സോപ്പിലെ ചെറുകണികകള്‍ നശിപ്പിക്കുന്നത്.
ഏറ്റവും എളുപ്പത്തില്‍ കൊറോണ വൈറസ് മനുഷ്യശരീരത്തിലേക്ക് പകരാന്‍ സാധ്യതയുള്ളത് കൈകള്‍ വഴിയാണ്. കൈകള്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ കൊറോണ വൈറസ് നശിക്കില്ല. സോപ്പില്‍ പ്രധാനമായും രണ്ട് തരത്തിലുള്ള സൂഷ്മ കണികകളാണുള്ളത്. അതില്‍ ഒരു ഭാഗം വെള്ളവുമായി ആകര്ഷിക്കപ്പെടുമ്പോള് മറ്റൊന്ന് കൊഴുപ്പുമായി ആകര്‍ഷിക്കപ്പെടുന്നു. കൊറോണ വൈറസിന് ചുറ്റുമുളള കൊഴുപ്പിനേയും ഇങ്ങനെ സോപ്പ് ഇടപെട്ട് അലിയിച്ചുകളയുന്നു. പുറത്തെ ആവരണം ഇല്ലാതാകുന്നതോടെ കൊറോണ വൈറസും നശിക്കുന്നു. അങ്ങനെ ഏറ്റവും എളുപ്പത്തില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്ന അണുനാശിനിയായി നമ്മുടെ സോപ്പ് മാറുന്നു.
കൈ കഴുകുന്നത് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ 20 സെക്കന്റെങ്കിലും വേണം. വൈറസ് നശിക്കുമെന്ന് മുഴുവനായി ഉറപ്പിക്കാനാണ് ഇത്രയും സമയമെങ്കിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ നിര്‍ദേശിക്കുന്നത്. അതേ സമയം സാനിറ്റൈസർ ഉപയോഗിക്കുന്നതും ഫലപ്രദമാണെന്നാണ് വിദഗ്ധർ പറയുന്നത്.