ന്യൂയോർക്ക്: ലോക രാജ്യങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ട് കൊറോണ മഹാമാരി അറുതിയില്ലാതെ തുടരുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കെടുത്താൻ 343,437 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 14,910 പേർ മരണമടഞ്ഞു.
കൊറോണ അതിന്റെ പാരമ്യത്തിലെത്തിയ ഇറ്റലിയിൽ മരണസംഖ്യ 5,476 ആയി. രോഗബാധ പടർന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ആഭ്യന്തരയാത്രകൾക്കും ഇറ്റലി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മാസ്ക്, വെന്റിലേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും യു.എസ് സൈന്യത്തിന്റെ സഹായവും ഇറ്റലി തേടിയതായി യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ പറഞ്ഞു. ഇറ്റലിയിൽ നിലവിലുള്ള യു.എസ് സൈനിക ഉദ്യോഗസ്ഥർ രാജ്യത്തെ ആരോഗ്യപ്രവർത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യം സ്പെയിനാണ്. 1,813 പേരാണ് സ്പെയിനിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണ സംഖ്യ 497 ആയി. ന്യൂയോർക്ക്, വാഷിംഗ്ടൺ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ മരണസംഖ്യ 674 ഉം ഇറാനിൽ 1939 ഉം ആയി. കാനഡയിൽ മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർദ്ധനയുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കൊറോണയ്ക്ക് മരുന്ന് കണ്ടെത്താനായി ഫ്രാൻസിലെ ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ റിസർച്ചും ചൈനയും പരീക്ഷണങ്ങൾ ആരംഭിച്ചു.
എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റി
എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വിൻഡ്സർ കാസിലിലേക്ക് മാറ്റി.
കൊട്ടാര ജീവനക്കാരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയതെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്ഞി ആരോഗ്യവതിയാണ്.
ഹാർവി വെൻസ്റ്റീന് കൊറോണ
മീ ടു ലൈംഗിക ആരോപണ കേസിൽ 23 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെൻസ്റ്റീന് കൊറോണ സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ വെൻഡെ കറക്ഷണൽ ഫെസിലിറ്റിയിൽ ഐസൊലേഷനിൽ കഴിയുകയാണ് ഹാർവി ഇപ്പോൾ.
ഡെബി മസാറിന് കൊറോണ
ഹോളിവുഡ് നടി ഡെബി മസാറിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. 55 കാരിയായ ഡെബി ന്യൂയോർക്കിലാണ് താമസിക്കുന്നത്.