corona-virus

കാസർകോട്: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു. പ്രവാസിയായ ഒരാളുടെ അശ്രദ്ധമായ പെരുമാറ്റം കൊണ്ടാണ് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഈ സാഹചര്യത്തിൽ ഇനിയും സർക്കാരിന്റെ നിർദേശങ്ങൾ ഏതെങ്കിലും പ്രവാസി ലംഘിച്ചാൽ ഒരിക്കലും അവർ ഗൾഫ് കാണാത്ത രീതിയിലുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തോട് കളക്ടർ വ്യക്തമാക്കി.

' രണ്ടാമത്തെ രോഗിയിൽ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് രോഗം പടർന്നത് ഇരുപത് മിനിറ്റ് അവർ ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ടാണ് എന്നത് ആശങ്കയുള്ള കാര്യമാണ്. അതൊക്കെ പറഞ്ഞിട്ടും ഇവിടെയുള്ള ചെറിയൊരു ശതമാനമാളുകൾക്കത് മനസിലാകുന്നില്ല. അങ്ങനെ മനസിലാകാത്തൊരു സമൂഹം ബാക്കിയുള്ള വലിയൊരു ശതമാനത്തിനെതിരെ പ്രവർത്തിക്കുന്നതാണ് കാണാൻ കഴിയുന്നത്. അതൊന്നും അനുവദിക്കാനാകില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ഞങ്ങൾ നൂറ് ശതമാനം ആത്മാർത്ഥമായിട്ടാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സഹകരണം പ്രക്ഷിക്കുന്നുണ്ട്. സഹകരിക്കുന്നവരാണ് കൂടുതൽപ്പേരുമെങ്കിലും, സഹകരിക്കാത്ത ചെറിയ ശതമാനമുണ്ട്. അവരെ സഹകരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിന് ഇനിയും നിയന്ത്രണങ്ങൾ വേണ്ടിവരും. ഒരുപാടുപേർ ഗർഫിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഞങ്ങളവരോട് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇനിയും സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ചാൽ ഒരുപക്ഷേ ഒരിക്കലും അവർ ഗൾഫ് കാണാത്ത രീതിയിലേക്കുള്ള നടപടികളിലേക്ക് ഞങ്ങൾക്ക് പോകേണ്ടി വരും'- കളക്ടർ പറഞ്ഞു.