ന്യൂഡൽഹി: രാജ്യത്ത് കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ അടച്ചുപൂട്ടലിലേക്ക്. ഈ മാസം 31 വരെ തമിഴ്നാട്ടിൽ അടച്ചിടൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് ആറുമുതൽ നിരോധനാജ്ഞ നിലവിൽ വരും. ഈ മാസംവരെ 31വരെ നിരോധനാജ്ഞ തുടരും. അതിർത്തികൾ അടയ്ക്കും. കടകളും കമ്പോളങ്ങളും അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. ജില്ലകൾ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അതിനിടെ, സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ്–19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒൻപതായി.
അടച്ചുപൂട്ടൽ പ്രഖ്യാപിച്ച 15ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡൽഹി, നാഗാലാന്റ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളത്. ഇതുകൂടാതെ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകൾ അടച്ചിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 415 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അരിയിച്ചത്. രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.