കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങൾ അതാത് രാജ്യങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി കഴിഞ്ഞു. ഒരുപരിധിക്കുമപ്പുറം ജനത്തെ അത് ബാധിക്കുന്നുമുണ്ട്. പ്രത്യേകിച്ച് അന്നന്നത്തെ അന്നത്തിന് പ്രതിദിനം ജോലിക്കു പോയെങ്കിൽ മാത്രമെ നിവൃത്തിയുള്ളൂ എന്നുള്ളവർക്ക്. മനുഷ്യരാശിയെ തന്നെ ബാധിക്കുന്ന തരത്തിൽ കൊവിഡ് 19 എന്ന കൊറോണ വൈറസിന്റെ ആക്രമണം പരന്നു കഴിഞ്ഞ സ്ഥിതിയ്‌ക്ക് നിർദേശങ്ങൾ അനുസരിക്കാതെ മറ്റുമാർഗമില്ല. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളും വർക്ക് അറ്റ് ഹോം അടക്കമുള്ള മാതൃക സ്വീകരിക്കാൻ നിർബന്ധിതരാകുന്നത്. എന്നാൽ ഇത് എത്തരത്തിലാണ് ദിവസവേതനക്കാരെ ബാധിക്കുന്നത് എന്നുകൂടി മറ്റുള്ളവർ അറിയണം. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്‌ക്കുകയാണ് ഇൻഫോസിസ് ഉദ്യോഗസ്ഥനായ ഷിബു ഗോപാലകൃഷ്‌ണൻ.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സെൻട്രൽ ദില്ലിയിൽ ആണ്. ഒരു ടെക്കി ടാക്സി വിളിക്കുന്നു. സവാരി കഴിഞ്ഞു ഡ്രൈവർക്കു പണം നൽകിയപ്പോൾ അതുമേടിച്ച അയാൾ പൊട്ടിക്കരയുന്നു.
കഴിഞ്ഞ 48 മണിക്കൂറിലെ അയാളുടെ ആദ്യത്തെ ഓട്ടമായിരുന്നു അത്. ഇന്ന് ഉറപ്പായും ഗ്രോസറി വാങ്ങാമെന്നു അയാൾ ഭാര്യക്ക് ഉറപ്പു നൽകിയിരുന്നു. രണ്ടുദിവസമായി അടുത്ത ഓട്ടത്തിനായി പലയിടങ്ങളിൽ പോയി നിന്നിരുന്നു, അങ്ങനെ മാത്രം 70 കിലോമീറ്റർ ഓടിയത് അയാൾ കാണിച്ചു കൊടുത്തു.
ഇന്നു വായിച്ചതാണ്, 500 രൂപ കൂടി അയാൾക്ക് കൊടുത്തു എന്നുപറഞ്ഞുകൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്.
നമ്മൾ എല്ലാവരോടും വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നു. സ്വയം കർഫ്യു പ്രഖ്യാപിക്കുവാൻ ആവശ്യപ്പെടുന്നു. വീട്ടിലിരുന്നാൽ പട്ടിണി ആവുന്ന നീക്കിയിരിപ്പുകൾ ഒന്നുമില്ലാത്ത സാധാരണക്കാരെ കുറിച്ചോർക്കുക. അന്നന്നത്തേക്ക് മാത്രം അധ്വാനിച്ചു ജീവിക്കുന്ന വർക്ക് ഫ്രം ഹോം എന്നതൊരു സാധ്യത പോലുമല്ലാത്ത മനുഷ്യരെ കുറിച്ചോർക്കുക. വീട്ടിലിരുന്നാൽ കുടുംബം മുഴുവൻ വിശപ്പിലായിപ്പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈനംദിന ജീവിതങ്ങളെ കുറിച്ചോർക്കുക.
നിങ്ങൾക്ക് ഒരു വേലക്കാരനോ വേലക്കാരിയോ ഉണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരുന്നിട്ട് അവരെ സാധനം മേടിക്കാൻ വിടാതെ ഒരു മാസത്തെ ശമ്പളം മുൻകൂറായി ഏല്പിച്ചിട്ട് അവരോട് വീട്ടിലിരിക്കാൻ പറയുക. ഒരു അത്യാവശ്യത്തിനു എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ഒരു ഡ്രൈവറോ ഓട്ടോക്കാരനോ നിങ്ങൾക്കുണ്ടെങ്കിൽ അയാൾ നിങ്ങളെയും കൊണ്ടു ഇനി സഞ്ചരിക്കാനിരിക്കുന്ന പത്തുസ്ഥലങ്ങളുടെ പണം മുൻകൂറായി കൊടുക്കുക, ആഴ്ചയിൽ ഒരിക്കൽ വന്നു നിങ്ങളുടെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു തരുന്ന ഒരു ഉന്തുവണ്ടിക്കാരൻ നിങ്ങൾക്കുണ്ടെങ്കിൽ അയാൾക്ക് പത്തു ഉടുപ്പിന്റെ പണം മുൻകൂറായി കൊടുക്കുക.
നമ്മളറിയാതെ ആരൊക്കെയോ ശൂന്യമാവുന്ന തെരുവിന്റെ വക്കിൽ, ആളൊഴിഞ്ഞു കൊണ്ടിരിക്കുന്ന ചന്തയുടെ ഓരത്ത്, തിക്കും തിരക്കും ഒഴിഞ്ഞു കൊണ്ടിരിക്കുന്ന നാൽക്കവലകളിൽ നിൽക്കുന്നുണ്ട്. അവരെ തനിച്ചാക്കാതെ ചേർത്തു പിടിക്കുക. അവരും വീട്ടിലിരിക്കട്ടെ.
വീട്ടിലിരിക്കുമ്പോൾ വിശപ്പു വന്നു അവരെയും അവരുടെ വേണ്ടപ്പെട്ടവരെയും കൊത്താതിരിക്കട്ടെ'.