ജൂലായിലാണ് ഗെയിംസെങ്കിൽ പങ്കെടുക്കില്ലെന്ന് കാനഡ
പുതിയ തീയതി കണ്ടെത്താൻ ചർച്ചകൾ സജീവം
ടോക്കിയോ/ സൂറിച്ച് : ഒടുവിൽ ടോക്കിയോ ഒളിമ്പിക്സ് നീട്ടിവയ്ക്കേണ്ടിവരുമെന്ന് സമ്മതിച്ച് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ആതിഥേയരായ ജപ്പാനും. ലോകത്തെ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയ കൊറോണ വെെറസ് വ്യാപനത്തിനിടയിലും ഗെയിംസുമായി മുന്നോട്ടുപോകാനുള്ള ഐ.ഒ.സിയുടെയും ജപ്പാന്റെയും തീരുമാനത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധമുയരുകയും കാനഡ ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റിവയ്ക്കുന്നത് ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും ഐ.ഒ.സി തലവൻ തോമസ് ബാച്ചും ഒൗദ്യോഗികമായി അറിയിച്ചത്.
ഐ.ഒ.സി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എത്ര നാളത്തേക്ക് ഗെയിംസ് നീട്ടണമെന്നത് സംബന്ധിച്ച ചർച്ചകളിലാണ് ഇപ്പോൾ ഐ.ഒ.സിയും ആതിഥേയരും. വിവിധ കായിക ഫെഡറേഷനുകൾ,ഐ.ഒ.സി അംഗരാജ്യങ്ങൾ, സ്പോൺസർമാർ,ടെലിവിഷൻ സംപ്രേഷണാവകാശം നേടിയവർ എന്നിവരുമായുള്ള കൂടിയോലോചനകൾക്ക് ശേഷം ഒരു മാസത്തിനകം പുതിയ തീയതി പ്രഖ്യാപിക്കുമെന്നാണ് ഐ.ഒ.സി അറിയിച്ചിരിക്കുന്നത്.
ഇൗ പുതിയ തീരുമാനത്തെ അമേരിക്കയും ഇന്ത്യയും ഉൾപ്പടെയുള്ള രാജ്യങ്ങളൊക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. ജൂലായിൽ ഗെയിംസ് നടത്തുമെങ്കിൽ പിന്മാറ്റമറിയിച്ചിരുന്ന കാനഡയും മാറ്റിവയ്ക്കലിനെ സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞയാഴ്ച ഐ.ഒ.സി ഭാരവാഹികളും ടോക്കിയോ ഗെയിംസ് ഒാർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് എല്ലാ രാജ്യങ്ങളിലെയും ഒളിമ്പിക് അസോസിയേഷനുകളുമായും എല്ലാ ഇന്റർനാഷണൽ ഫെഡറേഷനുകളുമായും അടിയന്തര യോഗം നടത്തിയിരുന്നു. ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനമെടുക്കാറായിട്ടില്ലെന്നും കൃത്യസമയത്ത് നടത്തുന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്നും കായിക താരങ്ങൾ ഒളിമ്പിക്സിനുള്ള പരിശീലനം തുടരണമെന്നും യോഗത്തിന് ശേഷം ഐ.ഒ.സി തലവൻ തോമസ് ബാച്ച് പറഞ്ഞിരുന്നു. ഇൗ വർഷം ജൂണിൽ നടക്കേണ്ട യൂറോകപ്പും കോപ്പ അമേരിക്ക ഫുട്ബാളും ഒരു വർഷത്തേക്ക് മാറ്റിവച്ചതിന് തൊട്ടുപിന്നാലെയുണ്ടായ ഐ.ഒ.സി നിലപാട് പക്ഷേ കായിക ലോകത്ത് എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്.
ആതിഥേയരായ ജപ്പാൻ കൊറോണക്കാലത്തിന്റെ തുടക്കംമുതൽ ഗെയിംസ് മാറ്റിവയ്ക്കണമെന്ന നിലപാടിലായിരുന്നു. ജപ്പാൻ കായികമന്ത്രിയടക്കമുള്ളവർ പാർലമെന്റിൽപോലും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും മാറ്റിവയ്ക്കാൻ പറ്റില്ലെന്ന നിലപാടിൽ ഐ.ഒ.സി ഉറച്ചുനിൽക്കുകയായിരുന്നു. എന്ത് തീരുമാനമെടുക്കാനും മേയ് മാസംവരെ കാത്തിരിക്കണമെന്നും ജപ്പാന് നിർദ്ദേശം നൽകി. ഇതോടെ ജപ്പാനും കൃത്യസമയത്ത് നടത്തുമെന്ന് നിലപാടെടുക്കേണ്ടിവന്നു.
ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ മാറ്റിവയ്ക്കൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണെന്ന് അംഗീകരിക്കുന്നു. ഒളിമ്പിക്സ് നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇപ്പോൾ പറയാൻ തക്ക മണ്ടത്തരം എനിക്കില്ല.
- യോഷിറോ മോറി
ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി പ്രസിഡന്റ്
ഒളിമ്പിക്സ് അതിന്റെ പൂർണതയോടെ നടത്താൻ ജപ്പാൻ ബാദ്ധ്യസ്ഥമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗെയിംസ് നീട്ടിവയ്ക്കുക എന്നത് അനിവാര്യതയായി മാറിയിരിക്കുന്നു.
- ഷിൻസോ ആബെ
ജപ്പാൻ പ്രധാന മന്ത്രി
ഇന്ത്യ ഐ.ഒ.സി തീരുമാനത്തിനൊപ്പം
ഒളിമ്പിക്സ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്ന ഐ.ഒ.സി നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.ഇന്നലെ ഐ.ഒ.എയും കേന്ദ്ര കായികമന്ത്രാലയവും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.നേരത്തേ ജൂലായിൽ ഗെയിംസ് നടക്കുകയാണെങ്കിൽ താരങ്ങളെ അയയ്ക്കുമെന്ന് ഐ.ഒ.എ അറിയിച്ചിരുന്നു.