ലക്നൗ: ജനത കർഫ്യൂവിനിടെ യു.പിയിലെ പിലിഭിത്തിൽ ജില്ലാ മജിസ്‌ട്രേട്ടും എസ്.പിയും ജനങ്ങൾക്കൊപ്പം ഘോഷയാത്ര നടത്തി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. എസ്.പി.അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്‌ട്രേട്ട് വിഭവ് ശ്രീവാസ്തവയുമാണ് ജാഥയ്ക്ക് നേതൃത്വം നല്‍കിയത്. ഇവരോടൊപ്പം നിരവധി ആളുകൾ പാത്രങ്ങൾ കൊട്ടിയും മറ്റും അണിനിരന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിക്കൂട്ടിലായ പിലിഭിത്ത് പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ' മജിസ്‌ട്രേട്ടും എസ്.പിയും കർഫ്യൂ ലംഘനം നടത്തിയിട്ടില്ല. ചില ആളുകൾ ഇവർക്കൊപ്പം ചേരുകയായിരുന്നു. അവരോട് വീടുകളിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗം നടത്തുന്നത് ന്യായമല്ലാത്തതു കൊണ്ട് അതുണ്ടായില്ല"- പൊലീസ് വിശദീകരണ കുറിപ്പിൽ അറിയിച്ചു.
എസ്.പിക്കും മജിസ്‌ട്രേട്ടിനുമെതിരെ പിലിഭിത്ത് എം.പി വരുൺ ഗാന്ധി രംഗത്തെത്തി. നിരുത്തരവാദപരമായ നടപടിയാണ് ഇരുവരുടെയും ഭാഗത്തു നിന്നുണ്ടായത്. താനടക്കം സ്വയം നിരീക്ഷണത്തിലാണ്. പക്വമായ പെരുമാറ്റം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം. ജനതാ കർഫ്യൂ ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.