ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും നിറുത്തലാക്കുന്നു. മാർച്ച് 24 അർദ്ധരാത്രി മുതൽ ഇത് ബാധകമാകും. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥിതി തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു ചൊവ്വാഴ്‌ച രാത്രി 11.59ന് മുമ്പു തന്നെ എല്ലാ വിമാനക്കമ്പനികളും തങ്ങളുടെ സർവീസ് നിറുത്തിവയ്‌ക്കണമെന്നാണ് സർക്കാർ നിർദേശം.
രാജ്യാന്തര വിമാനസർവീസുകൾക്ക് ഒരാഴ്‌ച മുമ്പുതന്നെ നിറുത്തലാക്കിയിരുന്നു. കൊറോണബാധിച്ചവരുടെ എണ്ണം തിങ്കളാഴ്‌ച 415 ആയി ഉയർന്നതോടെയാണ് കേന്ദ്രസർക്കാർ വിമാനസർവീസുകളടക്കം നിറുത്തലാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ആഭ്യന്തര വിമാനങ്ങൾ ഡൽഹിയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പശ്ചിമ ബംഗാളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയുണ്ടായി.