മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാൾ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി അധികൃതർ അറിയിച്ചു. സ്പെയ്നിൽ കൊറോണ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിലാണിത്. നേരത്തേ ഏപ്രിൽ മൂന്നുവരെ ലീഗ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ രോഗം നിയന്ത്രണവിധേയമാകാത്തതിനാൽ ഇനി എപ്പോൾ കളികൾ നടത്താനാകുമെന്ന് ഉറപ്പില്ല.
വലൻസിയ, ഡി പോർട്ടീവോ അലാവേസ് ഉൾപ്പടെയുള്ള ക്ളബുകളിലെ താരങ്ങളെ രോഗം പിടികൂടിക്കഴിഞ്ഞു. വലൻസിയ അംഗങ്ങളിൽ മൂന്നിലൊന്ന് പേരും രോഗബാധിതരാണ്.സൂപ്പർ ക്ളബ് റയൽ മാഡ്രിഡിന്റെ ക്യാപ്ടൻ സെർജിയോ റാമോസ് അടക്കമുള്ളവർ ഹോം ക്വാറന്റൈനിലാണ്. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ റയലിന്റെ ബാസ്കറ്റ്ബാൾ ടീമംഗങ്ങളിൽ ചിലർക്ക് രോഗമുണ്ടായിരുന്നതാണ് ഫുട്ബാൾ ടീമിനെയും വലച്ചത്. റയലിന്റെ മുൻ പ്രസിഡന്റ് ലോറൻസോ സാൻസ് കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ലാ ലിഗയിലെ പ്രമുഖ ക്ളബുകളിലെ താരങ്ങളെല്ലാം വീടുകളിലോ ഹോട്ടൽ മുറികളിലോ നിരീക്ഷണത്തിലാണ്. സ്പെയ്നിൽ ദിവസങ്ങളായി ഒരു മത്സരം പോലും നടക്കുന്നില്ല. യൂറോപ്പിൽ ഒട്ടാകെ ഇതുതന്നെയാണ് സ്ഥിതി. ഇംഗ്ളീഷ് പ്രിമിയർ ലീഗ്, ഇറ്റാലിയൻ സെരി എ,ബുണ്ടസ് ലീഗ, ഫ്രഞ്ച് ലിഗ വൺ, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയെല്ലാം നിറുത്തിവച്ചിരിക്കുകയാണ്.
ഡാനിയേല റുഗാനി, മാത്യുഡി ബ്ളെയ്സ്, പാബ്ളോ ഡൈബാല തുടങ്ങിയ യുവന്റസ് താരങ്ങളും എ. സി മിലാന്റെ സ്പോർട്ടിംഗ് ഡയറക്ടറും ഇതിഹാസ താരവുമായ പാബ്ളോ മാൽഡീനി, ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റ, ചെൽസി താരം ഹഡ്സൺ ഒഡോയ് തുടങ്ങിയവരും രോഗത്തിന്റെ പിടിയിലാണ്.
33000ത്തിലധികം പേർക്കാണ് സ്പെയ്നിൽ കൊറോണ പിടിപെട്ടത്. 2200 ഒാളം പേർ മരണത്തിന് കീഴടങ്ങി.