തിരുവനന്തപുരം: കൊറോണ പ്ര​തി​രോ​ധ പ്രവർത്തനങ്ങളുടെ ഭാ​ഗ​മാ​യി മേ​യ​റു​ടെ ഓ​ഫീ​സിന്റെ നേ​തൃ​ത്വത്തിൽ മൊ​ബൈൽ ആപ്ലി​ക്കേ​ഷ​നും പ്ര​വർ​ത്ത​ന​ങ്ങൾ ഏ​കോ​പി​ക്കാൻ പ്ര​ത്യേ​ക ഐ.ടി സെ​ല്ലും രൂ​പീ​ക​രി​ക്കും. ഹോം ക്വാ​റ​ന്റൈ​നു​കൾ, ഐ​സൊ​ലേ​ഷൻ കേ​ന്ദ്ര​ങ്ങൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മു​ഴു​വൻ ആ​ളു​ക​ളു​ടെ​യും പേ​ര് വി​വ​ര​ങ്ങൾ, മൊ​ബൈ​ൽ ന​മ്പ​രുകൾ എ​ന്നി​വ ശേ​ഖ​രി​ച്ച് ജി​യോ ടാ​ഗിംഗ് ന​ട​ത്തും. ഐ​സൊ​ലേ​ഷൻ കേ​ന്ദ്ര​ങ്ങ​ളും ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് ഒഴിഞ്ഞുകി​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ങ്ങൾ, ആ​ശു​പ​ത്രി​കൾ, വ​ലി​യ കെ​ട്ടി​ട​ങ്ങൾ എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും ശേഖരിച്ച് ആപ്പിൽ സൂക്ഷിക്കും. നിരീക്ഷണത്തിലുള്ളവർക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന്, മ​റ്റ് ആ​വ​ശ്യ സേ​വ​ന​ങ്ങൾ എന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​വർ​ത്ത​ന​ങ്ങൾ വി​ല​യി​രു​ത്തു​ന്ന​തും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷൻ വ​ഴി സാധിക്കുമെന്ന് മേയർ കെ. ശ്രീ​കു​മാർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സൂ​പ്പർ മാർ​ക്ക​റ്റു​കൾ, ക​ട​കൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​ധ​നങ്ങൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഇ - കോ​മേ​ഴ്സ് ആ​പ്ലി​ക്കേ​ഷൻ വി​ക​സി​പ്പി​ച്ചു. 100 വാർ​ഡു​ക​ളി​ലാ​യി സ​ജ്ജ​മാ​യ 2000 വോ​ളന്റി​യർ​മാ​രെ ഇതി​നാ​യി വി​നി​യോ​ഗി​ക്കും. ഇതുമായി സ​ഹ​ക​രി​ക്കാൻ താ​ത്പ​ര്യ​മു​ള്ള ഐ.ടി വിദഗ്ദ്ധർ, ഐ.ടി സ്ഥാ​പ​ന​ങ്ങൾ എ​ന്നി​വർക്ക്​ ബന്ധപ്പെടാം. ഫോൺ: 9895532192.