തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയുടെ 21 ഹെൽത്ത് സർക്കിളുകളിലും മാസ് ക്ലീനിംഗ് കാമ്പെയ് നിൽ 68 ടൺ മാലിന്യം നീക്കം ചെയ്തു. 600 ശുചീകരണ തൊഴിലാളികൾ രാവിലെ 7ന് ആരംഭിച്ച് ക്ലീനിംഗ് ഉച്ചയ്ക്ക് 2ന് അവസാനിച്ചു. മേയർ കെ. ശ്രീകുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ.പി. ബിനു, ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരീക്ഷണത്തിലായവർക്ക് ഭക്ഷണം, കുടിവെള്ളം, ബെഡ് ഷീറ്റ് തുടങ്ങിയവ നഗരസഭ നൽകുന്നുണ്ട്. ആനയറയിലെ സമേതി ഹാളിലെ നിരീക്ഷണകേന്ദ്രത്തിലും സൗകര്യങ്ങൾ ഒരുക്കി. പരിശീലനം പൂർത്തിയാക്കിയ 2000 വോളന്റീയർമാർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.