corona

തിരുവനന്തപുരം: കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ കാര്യത്തിൽ സർക്കാർ ജനങ്ങൾക്ക് ഒപ്പമല്ല, മുന്നിൽ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രോഗത്തിന്റെ സാഹചര്യം അത്യസാധാരണമായ പരീക്ഷണഘട്ടമാണെന്നും ലോക്ക്ഡൗണിന്റെ സാഹചര്യത്തിലും അവശ്യ സാധനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കറൻസി നോട്ടുകൾ അണുവിമുക്തമാക്കുന്ന കാര്യം ആർ.ബി.ഐയുടെ ശ്രദ്ധയിൽ പെടുത്തും. അദ്ദേഹം പറഞ്ഞു.

അതേസമയം പെട്രോൾ പമ്പിനും എൽ.പി.ജിയ്ക്കും തടസമുണ്ടാകില്ല. രോഗബാധ സംശയിക്കപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം വീടുകളികളിലേക്ക് എത്തിച്ച് നൽകും. കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്ത് തയ്യാറാണ്. ഒരു കാരണവശാലും ആൾക്കൂട്ടങ്ങൾ അനുവദിക്കുന്നതല്ലെന്നും നിരീക്ഷണത്തിൽ ഉള്ളവരുടെ ലിസ്റ്റ് അയൽക്കാർക്ക് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമനങ്ങൾ ആരെങ്കിലും ലംഘിച്ചാൽ ശക്തമായ നടപടിയും അറസ്റ്റും ഉണ്ടാകുമെന്നും നിരീക്ഷണത്തിലുള്ളവർ നിയമങ്ങൾ ലംഘിച്ചാൽ അക്കാര്യം ഉടൻതന്നെ നിയമപാലകരെയോ ആരോഗ്യ വിദഗ്ദരെയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബാറുകൾ അടയ്ക്കുമെന്നും എന്നാൽ ബെവ്കോ വിൽപ്പനശാലകൾ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ എ.ടി.എമ്മുകളിൽ ആവശ്യമായ മുകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് 31 വരെ സംസ്ഥാനത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാന അതിർത്തികൾ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കർശന സുരക്ഷയിലേക്കും സർക്കാർ കടന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും.