corona-

തിരുവനന്തപുരം: കൊറോണ വ്യാപനം തടയിടാനായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസർകോട്ട് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ കടകൾ തുറന്നുപ്രവർത്തിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരുന്നുകടകൾ അടക്കമുള്ള അവശ്യസർവീസുകൾ ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ കടകളും അടച്ചിടണമെന്നും കർശന നിർദ്ദേശമുണ്ട്. മാളുകളിൽ പലചരക്ക് വിൽപന മാത്രമേ അനുവദിക്കുകയുള്ളു. ലോക്ക് ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തുടനീളം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽവരും.

മാർച്ച് 31 വരെ പൊതുഗതാഗതം നിറുത്തിവയ്ക്കും. പെട്രോൾ പമ്പുകളെല്ലാം തുറന്നു പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിന് അനുവദിക്കും. അതേസമയം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഹോട്ടലുകൾ തുറക്കും, എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല, ഹോം ഡെലിവറി അനുവദിക്കും. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

തിങ്കളാഴ്ച 28 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.