sujith-29

കൊല്ലം: ഒമാനിലെ ഇബ്രിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കൊല്ലം സ്വദേശിയും കണ്ണൂർക്കാരനായ സുഹൃത്തും മരിച്ചു. കൊല്ലം ഇരവിപുരം പുത്തൻനട നഗർ- 122 ഉത്രാടത്തിൽ സുജിത്ത് സുപ്രസന്നൻ(29), കണ്ണൂർ സ്വദേശി വിജീഷ് എന്നിവരാണ് മരിച്ചത്. ഇരുവരും വിജീഷിന്റെ സ്ഥാപനത്തിലേക്ക് കാറിൽ പോകവേയാണ് മലവെള്ളപ്പാച്ചിൽ പെട്ടത്. ഉടൻ തന്നെ സുഹൃത്തിനെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.

സുഹൃത്തുക്കൾ എത്തിയെങ്കിലും രക്ഷാപ്രവർത്തനം അസാദ്ധ്യമായിരുന്നു. തുടർന്ന് ഒമാൻ പൊലീസ് നടത്തിയ തിരച്ചിലിൽ രാവിലെ വിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും വെള്ളത്തിൽ കുടുങ്ങിയിരുന്നു. വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.

നാല് വർഷമായി സുജിത്ത് ഒമാനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ഒരുമാസം മുൻപ് നാട്ടിലെത്തി ഭാര്യയേയും മകളേയും കൂട്ടി മടങ്ങിയതാണ്. ഭാര്യ: അനുജ. മകൾ: രണ്ട് വയസുകാരി ഐമ.