narendra-modi

ന്യൂഡൽഹി: കൊറോണ വൈറസ് രോഗത്തിന്റെ സാഹചര്യത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഉണ്ടാകാവുന്ന ചൂഷണങ്ങൾ തടയാൻ കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടാൻ പാടില്ലെന്നും ശമ്പളം ഒരു കാരണവശാലും വെട്ടികുറയ്ക്കരുതെന്നുമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇപ്പോൾ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

ഇക്കാര്യം സംബന്ധിച്ച് സ്വകാര്യ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ജോലിക്കെത്താൻ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ല. തൊഴിൽ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് മാത്രമല്ല, ദിവസ വേതനക്കാർക്കും ഒപ്പം കരാർ തൊഴിലാളികൾക്കും ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ബാധകമാണെന്നും തൊഴിലുടമകൾക്കായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം പറയുന്നു.