
ന്യൂഡൽഹി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുമായി ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീർ. രോഗബാധ സംശയിക്കുന്നവർ ഒന്നുകിൽ തങ്ങളുടെ കുടുംബത്തോടൊപ്പം ക്വാറന്റീനിൽ പ്രവേശിക്കാൻ തയാറായിക്കൊള്ളണമെന്നും അല്ലാത്തവശം ജയിൽ ശിക്ഷ അനുഭവിക്കാൻ ഒരുങ്ങുക എന്നുമാണ് ഗൗതം ഗംഭീർ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘ഒന്നുകിൽ നിങ്ങൾ കുടുംബത്തോടൊപ്പം ക്വാറന്റീനിൽ പ്രവേശിക്കുക. അല്ലെങ്കിൽ ജയിലിലേക്കു പോകാൻ തയാറാകുക. സമൂഹത്തിന് ഒരുതരത്തിലും ഭീഷണിയാകരുത്. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയാണ് നമ്മുടെ പോരാട്ടം. അല്ലാതെ ഉപജീവനമാർഗം കണ്ടെത്താനല്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുക’. ഇങ്ങനെയായിരുന്നു ബി.ജെ.പി എം.പിയുടെ ട്വീറ്റ്.
കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാരിന്റെ നിർദേശങ്ങൾ ചിലർ കാര്യമായി എടുക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവനും രക്ഷിക്കണം. സംസ്ഥാനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കണം. ജനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് ഗൗതം ഗംഭീറും ശക്തമായ നിലപാടുമായി മുന്നോട്ട് വന്നത്.