mosque

കോഴിക്കോട്: കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ ജനങ്ങൾ ഒരുമിച്ച് കൂടാൻ പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ച് ജുമാ നമസ്‌ക്കാരം നടത്തിയ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട്ടെ കാരശേരി പഞ്ചായത്തിലുള്ള ചൂടകണ്ടി ബക്ക ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്. കാരശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഇതിനെതിരെ മുക്കം പൊലീസിന് പരാതി നൽകിയിരുന്നു.

പരാതി ലഭിച്ചയുടനെ പൊലീസ് നടപടി സ്വീകരിച്ചു. ഇരുപതാം തിയതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് അധികാരികളുടെയും നിർദേശങ്ങൾ ലംഘിച്ച് തൊണ്ണൂറിലധികം അധികം ആളുകളെ പങ്കെടുപ്പിച്ച് ജുമാ നമസ്‌കാരം നടത്തിയതിനാണ് പള്ളി കമ്മിറ്റിക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്. അതേസമയം, കോഴിക്കോട് ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പേർക്കാണ് ജില്ലയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

മാർച്ച് 31 വരെ സംസ്ഥാനത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാന അതിർത്തികൾ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കർശന സുരക്ഷയിലേക്കും സർക്കാർ കടന്നത്.

ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും.