കോഴിക്കോട്: ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും പത്രക്കെട്ടുകളും പത്രവിതരണം നടത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കി, പൂർണസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിൽ എത്തുന്നതെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള മേഖലാ കമ്മിറ്റി ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.
കൊറോണ വൈറസ് ചെറുക്കുന്നതിനായി പത്രസ്ഥാപനങ്ങൾ പല നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുക, അവശ്യം വേണ്ടവർ മാത്രം ഓഫീസിലെത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരണമായി തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സർക്കാർ നടപടിയെ ഐ.എൻ.എസ് കേരള ഘടകം സ്വാഗതം ചെയ്തു.