മുംബയ് : ഇപ്പോഴത്തെ രീതിയിൽ കൊറോണ വൈറസ് വ്യാപിക്കുകയാണെങ്കിൽ ഏപ്രിലോടെ ഇന്ത്യ മറ്റൊരു ഇറാനോ ഇറ്റലിയോ ആകാമെന്ന് മുന്നറിയിപ്പ്. പ്രമുഖ മൈക്രോ ബയോളജിസ്റ്റായ ഡോ. എ.എം.ദേശ്‌മുഖാണ് ഇന്ത്യ നേരിടേണ്ടിവരുന്ന വൻദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ ജനതാകർഫ്യൂ നീട്ടണമെന്നും പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക അകലം ഗൗരവകരമായി നടപ്പാക്കിയില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ ആശുപത്രികൾ രോഗികളെ കൊണ്ടു നിറയുമെന്നും അചിന്തനീയമായ സാഹചര്യം ഉടലെടുക്കുമെന്നും മൈക്രോ ബയോളജിസ്റ്റ് സൊസൈറ്റി ഇന്ത്യ (എം.എസ്.ഐ) പ്രസിഡന്റ് കൂടിയായ ഡോ.ദേശ്‌മുഖ് പറഞ്ഞു.
സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം ചേരുന്നതു വൈറസ് വ്യാപനം ത്വരിതഗതിയിലാക്കും. ഈ സാഹചര്യത്തിൽ കൊറോണ വ്യാപനം തടയാനായി കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും ജനതാ കർഫ്യൂ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
കൊറോണ രോഗബാധയുണ്ടാകാൻ 14 ദിവസമാണ് വേണ്ടിവരുന്നതെന്നു ഡോ.ദേശ്‌മുഖ് പറഞ്ഞു. ഇതിനു ശേഷം രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവോ പോസിറ്റീവോ ആകാം. എന്നാൽ പോസിറ്റീവ് ആണെങ്കിൽ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. ഈ സാഹചര്യത്തിൽ 14 ദിവസം കർഫ്യൂ നടപ്പാക്കിയാൽ വലിയരീതിയിലുള്ള വൈറസ് വ്യാപനം തടയാൻ കഴിയുമെന്ന് ഉറപ്പാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
രാജ്യാന്തര കണക്കുകൾ പരിശോധിച്ചാല്‍ രണ്ടു ശതമാനമാണ് കൊറോണയുടെ മരണനിരക്ക്. മഹാമാരി ഇപ്പോഴൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിൽ വരും മാസങ്ങളിൽ രാജ്യത്തു കൂടുതൽ പേർ രോഗത്തിനു കീഴടങ്ങാൻ സാധ്യതയുണ്ട്. രാജ്യത്ത് ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവയുടെ അപര്യാപ്തത ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നും ഡോക്ടർ മുന്നറിയിപ്പു നല്‍കി.