corona

ബംഗാൾ: ബംഗാളിൽ കൊറോണ രോഗവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ 55കാരനെ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് മനസിലാക്കാൻ സാധിക്കാതെ കുഴങ്ങി ഡോക്ടർമാർ. ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഇന്ന് ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇയാളുടെ ശരീര സാമ്പിളുകൾ ഡോക്ടർമാർ നേരത്തെ തന്നെ പരിശോധനയ്ക്ക് അയച്ചിരുന്നു.

രണ്ട് ആശുപത്രികളിലായി നടത്തിയ പരിശോധനകളുടെ ഫലങ്ങളിൽ ഒന്ന് പോസിറ്റീവായിരുന്നു. തുടർന്ന് പുതുതായി ഇയാളുടെ ശരീരത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ വീണ്ടും ഡോക്ടർമാർ ഇതേ ആശുപത്രികളിലേക്ക് തന്നെ കൊറോണ വൈറസിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് മനസിലാക്കാനായി പരിശോധനയ്ക്ക് അയച്ചിരുന്നു.

ഈ രണ്ടു പരിശോധനകളുടെയും ഫലം പോസിറ്റീവ് തന്നെയായിരുന്നു. എന്നാൽ ഇയാളുടെ ബന്ധുക്കൾ നൽകിയ മറ്റൊരു പ്രധാനപ്പെട്ട വിവരം ഡോക്ടർമാരെ ആശങ്കാകുലരാക്കി. ഇയാൾ പുറം രാജ്യങ്ങളിൽ യാത്രകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടർമാരെ ബന്ധുക്കൾ ധരിപ്പിച്ചത്. ഈ വിവരം അതീവ ഗൗരതരമായാണ് ഡോക്ടർമാർ കണക്കാക്കുന്നത്.

കൊറോണ രോഗം അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും സാമൂഹ്യ വ്യാപനം ഇപ്പോൾ തന്നെ ഉണ്ടായിരിക്കാമെന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ പ്രസ്താവനകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന് മനസിലാക്കാൻ കഴിയുന്നതിന് മുൻപേ ഒരു രോഗി മരണപ്പെട്ടിരിക്കുന്നത്.

ഏതായാലും നാഷണൽ ഹെൽത്ത് മാർഗനിർദേശങ്ങൾ അനുസരിച്ച് ദുംദും സ്വദേശിയായ ഈ 55കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാതെ നശിപ്പിച്ച് കളയാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചായിരിക്കുന്നത്. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 468 ആൾക്കാരെയാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. രോഗം മൂലം ആകെ ഒൻപതുപേർ ഇന്ത്യയിൽ മരണമടയുകയും ചെയ്തിട്ടുണ്ട്.